റാഞ്ചി: വെജിറ്റേറിയന്‍ ബിരിയാണി ആവശ്യപ്പെട്ട ഉപഭോക്താവിന് നോണ്‍വെജ് ഭക്ഷണം മാറി നല്‍കിയതിന് ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊലപ്പെടുത്തി. റാഞ്ചിയിലെ കാങ്കെപിതോറിയ റോഡില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭിത്വ സ്വദേശിയായ 47 വയസ്സുകാരന്‍ വിജയ് കുമാര്‍ നാഗ് ആണ് കൊല്ലപ്പെട്ടത്.

രാത്രിയില്‍ ഹോട്ടലില്‍ എത്തിയ ഒരാള്‍ വെജ് ബിരിയാണി ഓര്‍ഡര്‍ ചെയ്യുകയും, ഹോട്ടലിലെ ജീവനക്കാര്‍ പാഴ്‌സല്‍ നല്‍കുകയുമായിരുന്നു. പാഴ്‌സലുമായി പോയ ഇയാള്‍, കുറച്ചു സമയത്തിനുശേഷം മറ്റു ചിലരുമായി തിരികെ എത്തുകയും വെജ് ബിരിയാണിക്കു പകരം നോണ്‍ വെജ് ബിരിയാണിയാണ് നല്‍കിയെന്ന് ആരോപിച്ച് ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടാകുകയും ചെയ്തു.

ഈ സമയം ഹോട്ടിലിലെ മേശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഹോട്ടല്‍ ഉടമയ്ക്കു നേരെ കൂട്ടത്തിലൊരാള്‍ വെടിയുതിര്‍ക്കുക ആയിരുന്നു. നെഞ്ചില്‍ പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണപ്പെട്ടു. വിജയ് കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. പ്രതികള്‍ക്ക് വേണ്ടി വിവിധ ഇടങ്ങളിലായി പരിശോധന നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.