- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി; അന്വേഷണം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് ആരോഗ്യ വകുപ്പ്
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി
റാഞ്ചി: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു വയസുകാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.പിന്നീട് നടത്തിയ പരിശോധനയില്‍ നാല് കുട്ടികള്‍ കൂടി എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. സംഭവത്തില്‍ റാഞ്ചിയില്‍ നിന്നുള്ള ഉന്നതതല മെഡിക്കല്‍ സംഘം അടിയന്തര അന്വേഷണം ആരംഭിച്ചു. വെസ്റ്റ് സിംഗ്ഭൂം ജില്ലയില്‍ ചൈബാസയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.
തലസീമിയ ബാധിതനായ കുട്ടിക്ക് ചൈബാസ സദര്‍ ആശുപത്രിയിലെ രക്തബാങ്കില്‍ വെച്ച് എച്ച്‌ഐവി ബാധിത രക്തം നല്‍കിയതായി കുടുംബം ആരോപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തലസീമിയ രോഗിയായ കുട്ടിക്ക് മോശമായ രക്തം നല്‍കിയതായി പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായെന്നും ഡോ. ദിനേശ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏകദേശം 25 യൂണിറ്റ് രക്തം കുട്ടി ഇതിനോടകം തന്നെ രക്തബാങ്കില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രക്തത്തിലൂടെ മാത്രമാണ് രോഗബാധ പകര്‍ന്നതെന്ന് കരുതാനാകില്ലെന്നും ഉപയോഗിച്ച സൂചികള്‍ വീണ്ടും ഉപയോഗിച്ചതടക്കമുള്ള ഘടകങ്ങള്‍ മൂലവും എച്ചഐവി അണുബാധി ഉണ്ടാകുമെന്നും ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. സുശാന്തോ മഝീ പറഞ്ഞു.
അതേസമയം, ഇതിന് പിന്നില്‍ വ്യക്തി പരമായ വൈരാഗ്യമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ബ്ലഡ് ബാങ്കിലെ ജീവനക്കാരനും കുട്ടിയുടെ ബന്ധുവും തമ്മിലുള്ള തര്‍ക്കം ഒരുവര്‍ഷമായി കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മഞ്ജരി ജില്ലാ പരിഷത്ത് അംഗം മാധവ് ചന്ദ്ര കുങ്കല്‍ എന്‍ഡിടിവിയോട് പറഞ്ഞു. സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും പരാതി നല്‍കിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജാര്‍ഖണ്ഡ് ഹൈക്കോടതി സംസ്ഥാന ആരോഗ്യ സെക്രട്ടറിയില്‍ നിന്നും ജില്ലാ സിവില്‍ സര്‍ജനില്‍ നിന്നും റിപ്പോര്‍ട്ട് തേടി.




