- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭര്‍ത്താവ് മരിച്ച യുവതിയുടെ സ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ടു; കുട്ടികളില്ലാത്ത സമയത്ത് വീട്ടിലെത്തി വഴങ്ങാന്‍ നിര്‍ബന്ധിച്ചു; അശ്ലീല സന്ദേശം അയച്ചു; യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍
ബെംഗളൂരു: ലൈംഗിക പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയില്‍ ബെംഗളൂരു സര്‍വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍. പ്രൊഫ. ബി.സി. മൈലാരപ്പയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ബെംഗളൂരു വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ഗിരീഷ് അറിയിച്ചു. 37-കാരിയായ യുവതി ഒക്ടോബര്‍ ഒന്‍പതിന് നല്‍കിയ പരാതിയിലാണ് നടപടി. യുവതിയെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല ശബ്ദസന്ദേശങ്ങള്‍ അയച്ചെന്നും പരാതിയിലുണ്ട്.
സ്ത്രീയെ ഉപദ്രവിച്ചതിനും കേസ് നല്‍കിയ ദേഷ്യത്തില്‍ വീടുകയറി ബഹളമുണ്ടാക്കിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയുടെയും ബന്ധുവായ അഭിഭാഷകന്റെയും വീട്ടിലെത്തി ബഹളം സൃഷ്ടിക്കുകയായിരുന്നു. പ്രൊഫസര്‍ മാസങ്ങളായി ഉപദ്രവിക്കുകയാണെന്നും ഒന്നരക്കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി.
സദാശിവ നഗറിലെ കര്‍ണാടക സ്റ്റേറ്റ് ഹരിജന്‍ എംപ്ലോയീസ് അസോസിയേഷനില്‍ ജോലിചെയ്തിരുന്ന സമയത്ത്, 2022-ലാണ് ഇയാളെ ആദ്യം കണ്ടുമുട്ടിയതെന്ന് യുവതി പറയുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭര്‍ത്താവ് മരിച്ചശേഷം ഒരു സ്വത്ത് തര്‍ക്കത്തില്‍ ഇയാള്‍ സഹായിച്ചു. എന്നാല്‍, പിന്നീട് കുടുംബസുഹൃത്തായ അഭിഭാഷകനെ കുറ്റപ്പെടുത്തുന്ന രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോള്‍ അയാള്‍ പൊതുസ്ഥലത്തുവെച്ച് അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്തെന്നും യുവതി ആരോപിക്കുന്നു.
കുട്ടികളില്ലാത്ത സമയത്ത് വീട്ടിലെത്തി വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കൂടാതെ യുവതിയുടെ യുഎസിലുള്ള സഹോദരന് അപകീര്‍ത്തികരമായ കാര്യങ്ങള്‍ അയച്ചുകൊടുത്തെന്നും പരാതിയില്‍ പറയുന്നു.




