മുംബൈ: ഭൂമിതര്‍ക്ക കേസില്‍ അനുകൂലവിധി പുറപ്പെടുവിക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കു വേണ്ടി 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ക്ലര്‍ക്ക് അറസ്റ്റില്‍. ക്ലര്‍ക്ക് ചന്ദ്രകാന്ത് വാസുദേവിനെയാണ് അഴിമതിവിരുദ്ധ ബ്യൂറോയാണ് (എസിബി) അറസ്റ്റ് ചെയ്തത്. മസ്ഗാവിലെ സിവില്‍ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഇജാസുദ്ദീന്‍ സലാവുദ്ദീന് വേണ്ടിയാണ് വാസുദേവ് കക്ഷികളില്‍ നിന്നും പണം കൈപ്പറ്റിയത്. ക്ലാര്‍ക്ക് പിടിയിലായതോടെ ജഡ്ജ് ഒളിവില്‍ പോയി.

ഒളിവില്‍ പോയ ജഡ്ജി ഇജാസുദ്ദീന്‍ സലാവുദ്ദീന്‍ കാസിയെ കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തങ്ങളുടെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈവശപ്പെടുത്തിയെന്നാരോപിച്ച് ഉടമസ്ഥന്റെ ഭാര്യ ബോംബെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. ഭൂമിയുടെ മൂല്യം 10 കോടി രൂപയില്‍ താഴെയായതിനാല്‍ വാണിജ്യ കേസ് മസ്ഗാവിലെ സിവില്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

ഇതോടെയാണ് ജഡ്ജിക്ക് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടത്. കേസ് അനുകൂലമാക്കാന്‍ തുടക്കത്തില്‍ ഭൂമി കൈവശപ്പെടുത്തിയവരില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി എസിബി പറഞ്ഞു. പിന്നീട് ഈ തുക 15 ലക്ഷം രൂപയായി കുറയ്ക്കാന്‍ ചര്‍ച്ച നടത്തി. ആവശ്യപ്പെട്ട 25 ലക്ഷം രൂപയില്‍ 10 ലക്ഷം വാസുദേവിന്റെ വിഹിതവും 15 ലക്ഷം ജഡ്ജി കാസിക്ക് വേണ്ടിയുമായിരുന്നു.

എസിബിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കക്ഷികള്‍ കോടതിപരിസരത്ത് വെച്ച് വാസുദേവിനെ സന്ദര്‍ശിക്കുകയും 15 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. പണം നല്‍കിയതിനെക്കുറിച്ച് അറിയിക്കാന്‍ വാസുദേവ് ജഡ്ജി കാസിയെ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് വാസുദേവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാസുദേവിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.