ശ്രീനഗര്‍: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപിക്ക് ജമ്മു കശ്മീരിലും ആഘോഷം. ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിനെ ബഹുദൂരം പിന്നിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി ദേവയാനി റാണ നാഗ്രോട്ട മണ്ഡലത്തില്‍ വിജയിച്ചു. ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേര്‍സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹര്‍സ് ദേവ് സിങാണ് രണ്ടാമത്. ഇതോടെ മണ്ഡലം ബിജെപി നിലനിര്‍ത്തി.

2024 ല്‍ ബിജെപി എംഎല്‍എയായിരുന്ന ദേവേന്ദര്‍ സിങ് റാണയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 24600 വോട്ട് ഭൂരിപക്ഷത്തിലാണ് മണ്ഡലത്തില്‍ 30കാരിയായ ദേവയാനി റാണ വിജയിച്ചത്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്സ് ബിരുദം നേടിയ ദേവയാനി അന്തരിച്ച ദേവേന്ദര്‍ സിങ് റാണയുടെ മകളാണ്.

സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബുദ്ദാം മണ്ഡലത്തില്‍ മെഹബൂബ മുഫ്തിയുടെ പിഡിപിയോട് നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ഒമര്‍ അബ്ദുള്ളയും ശ്രീനഗര്‍ എംപി ആഗ റുഹുള്ളയും തമ്മിലുള്ള തര്‍ക്കം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിരുന്നു. ആഗ റുഹുള്ള ഉപതെരഞ്ഞെടുപ്പില്‍ ബുദ്ഗാം മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയിരുന്നില്ല.