ചണ്ഡീഗഡ്: പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി തരണ്‍ തരണ്‍ നിയമസഭ സീറ്റ് നിലനിര്‍ത്തി. വെള്ളിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആപ് സ്ഥാനാര്‍ഥി ഹര്‍മീത് സന്ധു വിജയിച്ചു. തന്റെ എതിരാളിയും ശിരോമണി അകാലിദളിന്റെ (എസ്എഡി) സുഖ്വീന്ദര്‍ കൗര്‍ രണ്‍ധാവയെ 12,091 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആകെ 15 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

അപ്രതീക്ഷിതമായി, ജയിലിലടക്കപ്പെട്ട ഖദൂര്‍ സാഹിബ് എം.പി അമൃത്പാല്‍ സിങ് നയിക്കുന്ന അകാലിദള്‍ (വാരിസ് പഞ്ചാബ് ദേ) യുടെയും മറ്റ് പ്രാദേശിക ഗ്രൂപ്പുകളുടെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി മന്‍ദീപ് സിങ് മൂന്നാം സ്ഥാനത്തെത്തി, കോണ്‍ഗ്രസിന്റെ നോമിനി കരണ്‍ബീര്‍ സിങ് നാലാം സ്ഥാനത്തും സീറ്റ് പിടിക്കുമെന്ന് ഉറപ്പിച്ച് എത്തിയ ബി.ജെ.പിയുടെ ഹര്‍ജിത് സന്ധുവിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവന്നു.

സന്ധുവിന് 42,649 വോട്ടുകള്‍ ലഭിച്ചപ്പോള്‍, രണ്‍ധാവക്ക് 30,558 ഉം മന്‍ദീപ് സിങ്ങിന് 19,620 വോട്ടുകളും ലഭിച്ചു. കോണ്‍ഗ്രസിന് കരണ്‍ബീര്‍ സിങ് ബുര്‍ജിന് 15,078 വോട്ടുകളും ബി.ജെ.പി ഹര്‍ജിത് സിങ് സന്ധുവിന് 6,239 വോട്ടുകളും ലഭിച്ചു.

നവംബര്‍ 11ന് നടന്ന വോട്ടെടുപ്പില്‍ 60.95 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ജൂണില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കശ്മീര്‍ സിങ് സൊഹാലിന്റെ മരണത്തെത്തുടര്‍ന്ന് ആ സീറ്റ് ഒഴിവുവന്നതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.