ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം കാര്‍ പൊട്ടിത്തെറിച്ച സ്ഥലത്തുനിന്ന് 9 എംഎം വെടിയുണ്ടകളും ഷെല്ലും കണ്ടെടുത്തതില്‍ അന്വേഷണം തുടങ്ങി. സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഥലത്തുനിന്ന് രണ്ട് 9 എംഎം വെടിയുണ്ടകളും ഒരു ഷെല്ലുമാണ് കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. വെടിയുണ്ടകള്‍ എങ്ങനെയാണ് അവിടെ എത്തിയത് എന്നത് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

സുരക്ഷാസേനയും പോലീസ് ഉദ്യോഗസ്ഥരും സാധാരണ ഉപയോഗിക്കുന്നവയാണ് 9 എംഎം വെടിയുണ്ടകള്‍. അതിനാല്‍ത്തന്നെ ഈ കണ്ടെത്തല്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍, സ്ഥലത്തുനിന്ന് പിസ്റ്റളോ മറ്റ് ആയുധ ഭാഗങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെടിയുണ്ടകള്‍ കണ്ടെടുത്തതോടെ സ്ഥലത്തുണ്ടായിരുന്ന സ്വന്തം ജീവനക്കാര്‍ക്ക് നല്‍കിയ വെടിയുണ്ടകളും പോലീസ് പരിശോധിച്ചിട്ടുണ്ട്. എന്നാല്‍, അവരുടെ വെടിയുണ്ടകള്‍ നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ ഇവ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടേതല്ലെന്ന് വ്യക്തമായിട്ടുണ്ട്.

അതേസമയം, ചെങ്കോട്ട സ്ഫോടനത്തിനായി ഭീകരവാദികള്‍ രണ്ടുകിലോയിലധികം അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. കാര്‍ ഓടിച്ചിരുന്ന ഡോ. ഉമര്‍ ബോംബുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധന്‍ ആയിരുന്നെന്നും അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഫൊറന്‍സിക് സംഘം 52 വസ്തുക്കളില്‍ നടത്തിയ പരിശോധനയില്‍ അമോണിയം നൈട്രേറ്റ്, പെട്രോളിയം, സ്ഫോടവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് ഉമര്‍ സ്ഫോടകവസ്തു തയ്യാറാക്കിയതെന്നും വ്യക്തമായിട്ടുണ്ട്.