- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭര്‍ത്താവും പൊലീസും ജീവിതത്തില്‍ ഇടപെടുന്നത് തടയണമെന്ന് യുവതി; ആദ്യം വിവാഹമോചനം നേടു; ലിവ് ഇന്‍ ബന്ധത്തിലുള്ള ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: വിവാഹിതയായ യുവതിയുടെ ലിവ് ഇന്‍ ബന്ധത്തിന് സംരക്ഷണം നല്‍കണമെന്ന ആവശ്യം നിഷേധിച്ച് അലഹബാദ് ഹൈക്കോടതി. യുവതി ഇപ്പോഴും വിവാഹിതയായതുകൊണ്ട് മറ്റൊരു ബന്ധത്തിന് നിയമപരമായ സംരക്ഷണം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ നടപടി. വ്യക്തിസ്വാതന്ത്ര്യം മറ്റൊരാളുടെ നിയമപരമായ അവകാശത്തെ മറികടക്കില്ലെന്നും, ആദ്യം വിവാഹമോചനം നേടുകയാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ദമ്പതികള്‍ നിയമ സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈകോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വിവേക് കുമാര്‍ സിങ്ങാണ് ഹര്‍ജി പരിഗണിച്ചത്. ഭര്‍ത്താവുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, നിയമപ്രകാരം യുവതി വിവാഹമോചനം നേടണമെന്നും അതാണ് നിയമപരമായ ശരിയെന്നും കോടതി നിര്‍ദേശിച്ചു. അവിഹിത ബന്ധത്തിന് കോടതി സംരക്ഷണം നല്‍കുന്നത് ഇന്ത്യയുടെ സാമൂഹിക ഘടനക്ക് എതിരാണെന്നും മാന്‍ഡമസ് ഫയല്‍ ചെയ്യാന്‍ ദമ്പതികള്‍ക്ക് അവകാശമില്ലെന്നും കോടതി പറഞ്ഞു.
സ്ത്രീ ഇപ്പോഴും വിവാഹിതയാണെന്നും അങ്ങനെയിരിക്കെ മറ്റൊരു ബന്ധത്തിന് നിയമപരമായ സംരക്ഷണം നല്‍കേണ്ടതില്ലെന്നും കോടതി പറയുന്നു. ഹിന്ദു വിവാഹ നിയമപ്രകാരമാണ് യുവതിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
നവംബര്‍ ഏഴിന് പുറപ്പെടുവിച്ച ഉത്തരവില്‍ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലിവ്-ഇന്‍ ബന്ധങ്ങള്‍ക്ക് പരോക്ഷമായി നമ്മള്‍ സമ്മതം നല്‍കുന്നതിന് തുല്യമാകുമെന്നും കോടതി പറഞ്ഞു. ഭര്‍ത്താവും പൊലീസും തങ്ങളുടെ സമാധാനപരമായ ജീവിതത്തില്‍ ഇടപെടുന്നത് തടയണമെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതിയുടെ ഹരജി.
പക്ഷേ പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ ജീവിതത്തില്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ലെങ്കിലും, വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം സമ്പൂര്‍ണമോ അനിയന്ത്രിതമോ ആയ അവകാശമല്ലെന്നും കോടതി നിരീക്ഷിച്ചു.




