പറ്റ്‌ന: ബിഹാറില്‍, തേജ്വസി യാദവിനെ പ്രതിപക്ഷ നേതാവായി വീണ്ടും തെരഞ്ഞെടുത്തു. പറ്റ്‌നയിലെ തേജസ്വി യാദവിന്റെ വസതിയില്‍ ചേര്‍ന്ന ആര്‍ജെഡി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ലാലുപ്രസാദ് യാദവിന്റെ കുടുംബത്തില്‍ കലഹം ഒരുവശത്ത് മുറുകുന്നതിനിടെയാണ് തേജസ്വി പ്രതിപക്ഷ നേതാവാകുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം നേരിട്ട വന്‍ പരാജയം അവലോകനം ചെയ്യുന്നതിനാണ് യോഗം വിളിച്ചിരുന്നത്. 243 സീറ്റുകളില്‍ 202 എണ്ണം എന്‍ഡിഎ നേടിയപ്പോള്‍ മഹാസഖ്യത്തുിന് 35 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. 25 സീറ്റുകള്‍ നേടിയ ആര്‍ജെഡിയാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി.

കോണ്‍ഗ്രസാകട്ടെ ആറ് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പ്രതിപക്ഷ നേതാവ് എന്ന ഭരണഘടനാപരമായ പദവി സ്വന്തമാക്കാന്‍ പ്രതിപക്ഷത്തെ ഏതെങ്കിലും കക്ഷിക്കാകുമോ എന്ന് തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞവരെല്ലാം ചോദിച്ചിരുന്നു.

ഒരൊറ്റ സീറ്റിന്റെ ബലത്തിലാണ് ആര്‍ജെഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നത്. ആകെയുള്ള സീറ്റുകളുടെ പത്ത് ശതമാനമാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ വേണ്ടത്. കൃത്യമായി പറഞ്ഞാല്‍ 24.3. ആര്‍ജെഡിക്ക് ലഭിച്ചത് 25 സീറ്റുകള്‍. അതായത് ഒരു സീറ്റ് കുറഞ്ഞിരുന്നുവെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ ആര്‍ജെഡിക്കാകുമായിരുന്നില്ല.

243 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 85 സീറ്റുകളാണ് നേടിയത്. ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി 19 സീറ്റുകളും സ്വന്തമാക്കി.