- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യത്യസ്ത ജനന തീയതിയിലുള്ള രണ്ട് പാന്‍ കാര്‍ഡുകള്‍; സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനും മകനും ഏഴ് വര്‍ഷം തടവ്
ലഖ്നൗ: വ്യത്യസ്ത ജനന തീയതിയിലുള്ള രണ്ട് പാന്‍ കാര്‍ഡുകള്‍ കൈവശംവെച്ചതിന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍, മകന്‍ അബ്ദുല്ല എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവ്. രാംപൂരിലെ എംപി/എംഎല്‍എ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. വ്യാജ രേഖകള്‍ നിര്‍മിക്കാനും ഉപയോഗിക്കാനും ബാങ്ക് രേഖകള്‍ മാറ്റാനും അസം ഖാന്‍ മകനുമായി ഗൂഢാലോചന നടത്തിയെന്നാണ് കോടതി കണ്ടെത്തല്‍.
2019ല്‍ ബിജെപി നേതാവ് ആകാശ് സക്സേനയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. അബ്ദുല്ല അസം ഖാന് രണ്ട് പാന്‍ കാര്‍ഡുകള്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഒന്ന് 1993 ജനുവരി ഒന്നിനും മറ്റൊന്ന് 1990 സെപ്റ്റംബര്‍ 30നും ആണ്. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 25 വയസ്സ് തികഞ്ഞുവെന്ന് കാണിക്കാന്‍ രണ്ടാമത്തെ ജനനതീയതി കെട്ടിച്ചമച്ചതാണെന്നാണ് പ്രോസിക്യൂഷന്റെ വാദം.
അബ്ദുല്ല പിന്നീട് വിജയിച്ച സ്വാര്‍ അസംബ്ലി സീറ്റിലേക്കുള്ള നാമനിര്‍ദേശത്തിന് മുന്നോടിയായി പഴയ പാന്‍ കാര്‍ഡിന് പകരം പുതിയ പാന്‍ കാര്‍ഡ് നല്‍കുന്നതിനാണ് ഇത് ചെയ്തതെന്നാണ് വാദം. ബാങ്ക് രേഖകളും ഇന്‍കംടാക്സ് വിവരങ്ങളുമെല്ലാം വിശദമായി പരിശോധിച്ചാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയതെന്ന് സ്പെഷ്യല്‍ ജഡ്ജി ശോഭിത് ബന്‍സാല്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 467, 468, 471, 120ബി വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
അസം ഖാനും മകനുമെതിരായ കോടതി വിധിയോ രൂക്ഷമായാണ് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചത്. അധികാരത്തിന്റെ ബലത്തില്‍ അനീതിയും അടിച്ചമര്‍ത്തലുമായി മുന്നോട്ടുപോകുന്നവര്‍ ഏറ്റവും മോശമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നതെന്ന് അഖിലേഷ് ഫേസ്ബുക്കില്‍ കുറിച്ചു.




