കൊല്‍ക്കത്ത: നഴ്‌സ് ചമഞ്ഞ് അമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം യുവതി നവജാത ശിശുവുമായി കടന്ന് കളഞ്ഞു. ആശുപത്രിയില്‍ വെച്ചാണ് നഴ്‌സ് ചമഞ്ഞെത്തിയ യുവതി കുഞ്ഞുമായി കടന്ന് കളഞ്ഞത്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ചയാണ് പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തത്. മഞ്ജുള ബീബി എന്ന കാശിപൂര്‍ സ്വദേശിയുടെ കുഞ്ഞിനെയാണ് കാണാതായത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് വന്‍ വീഴ്ചയുണ്ടായത്.

ആശുപത്രിയിലെ നഴ്‌സെന്ന പേരില്‍ കുഞ്ഞിന്റെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ആശുപത്രിയിലേക്ക് പോവുന്ന വഴിയില്‍ ബസില്‍ വച്ചാണ് നഴ്‌സ് എന്ന് പരിചയപ്പെടുത്തിയ യുവതിയെ മഞ്ജുളയെ പരിചയപ്പെടുന്നത്. ആശുപത്രിയിലേക്കും ഇരുവരും ഒന്നിച്ചാണ് എത്തിയത്. ആശുപത്രിയിലെത്തിയത് മുതല്‍ കുഞ്ഞിനും അമ്മയ്ക്കും ഒപ്പം സഹായമായി യുവതി ഒപ്പം നിന്നു.

കുട്ടിയെ ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്ന് വാങ്ങാന്‍ സമയത്ത് കുഞ്ഞിനെ മഞ്ജുള യുവതിയെ ഏല്‍പ്പിച്ചു. മരുന്നുമായി പെട്ടെന്ന് തന്നെ തിരിച്ചെത്തിയെങ്കിലും യുവതിയേയും കുട്ടിയെ കാണാതെ ആവുകയായിരുന്നു. യുവതി കരഞ്ഞ് ബഹളം വെയ്ക്കുന്നത് കണ്ട് വിവരം ആശുപത്രി അധികൃതര്‍ പോലിസില്‍ അറിയിച്ചു. രേഖാമൂലം പരാതിയും നല്‍കി.

സിസിടിവി ഫൂട്ടേജുകള്‍ അടക്കമുള്ളവ പരിശോധിക്കുകയാണെന്നും യുവതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. സൗത്ത് 24 പര്‍ഗാന ജില്ലയില്‍ കാശിപൂര്‍ സ്വദേശിയുടെ കുഞ്ഞിനെയാണ് കാണാതായത്.