ജല്‍പായ്ഗുരി: വിവാഹിതരായി ഒരു വര്‍ഷം കഴിഞ്ഞിട്ടും മുന്‍ കാമുകിയുമായി ഭര്‍ത്താവ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധം തുടരുന്നത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം. ധുപ്ഗുരി സ്വദേശിനി റുബീനയാണ് പരാതിക്കാരി. ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി ആക്രമിച്ചത്. മുന്‍ കാമുകി സമൂഹമാധ്യമത്തില്‍ പങ്കിട്ട പോസ്റ്റിന് താഴെ ഭര്‍ത്താവ് ഹൃദയ ചിഹ്നമുള്ള ഇമോജി കമന്റായി പോസ്റ്റ് ചെയ്തത് കണ്ടെത്തിയ യുവതി ഇത് ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദനം. ഇരുവരും തമ്മില്‍ പതിവായി ചാറ്റി ചെയ്യാറുണ്ടെന്നും യുവതി കണ്ടെത്തി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്നും തറയില്‍ വീണുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് ഷാജഹാന്റെ ഫോണ്‍ തുറന്നപ്പോള്‍ മുന്‍ കാമുകി അപ്ലോഡ് ചെയ്ത ഒരു ചിത്രത്തിന് അദ്ദേഹം ഹൃദയ ചിഹ്നം ഉപയോഗിച്ച് പ്രതികരിച്ചതായി കണ്ടതായി റുബീന പറയുന്നു. ഒരു വര്‍ഷം മുമ്പ് അവര്‍ വിവാഹിതരായപ്പോള്‍ തന്നെ മുന്‍ കാമുകിയെ തനിക്ക് അറിയാമായിരുന്നുവെന്നും റുബീന പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നും ഇരുവരും പതിവായി ചാറ്റ് ചെയ്യാറുണ്ടെന്നും റുബീന കണ്ടെത്തി. അനുചിതമായ സന്ദേശങ്ങള്‍ പോലും ചാറ്റുകളില്‍ ഉണ്ടായിരുന്നതായി റുബീന പറഞ്ഞു. തുടര്‍ന്ന് ഷാജഹാനെ ചോദ്യം ചെയ്യുകയായിരുന്നു.

പിന്നാലെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുയും അത് കയ്യാങ്കളിയിലെത്തുകയും ചെയ്തു. ഷാജഹാനും കുടുംബവും ആക്രമിക്കാന്‍ തുടങ്ങിയതോടെ സഹായത്തിനായി സമീപത്ത് താമസിക്കുന്ന തന്റെ സഹോദരി ബ്യൂട്ടി പര്‍വീണിനെയും റുബീന വിളിച്ചു. തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ തന്നെയും ഷാജഹാനും കുടുംബവും ആക്രമിച്ചതായും ബ്യൂട്ടി പറഞ്ഞു. ഷാജഹാന്റെ സഹോദരി റബേയ, ബക്കറ്റും ചട്ടുകവും കൊണ്ട് അടിച്ചതായും ഇവര്‍ ആരോപിച്ചു.

അതേസമയം, ഷാജഹാന്റെ അമ്മയ്ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റതായി പൊലീസ് പറഞ്ഞു. അയല്‍വാസികളാണ് ബ്യൂട്ടിയെയും റുബീനയെയും ധൂപ്ഗുരി സബ് ഡിവിഷണല്‍ ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞയുടനെ പൊലീസുമെത്തി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.