- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞു നെഞ്ചില്‍വീണു; ദേശീയ താരത്തിന് ദാരുണാന്ത്യം; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
റോത്തക്ക്: ഹരിയാനയില്‍ പരിശീലനത്തിനിടെ ബാസ്‌കറ്റ്‌ബോള്‍ പോള്‍ നെഞ്ചില്‍ വീണ് ദേശീയ ബാസ്‌കറ്റ്‌ബോള്‍ താരം മരിച്ചു. 16 വയസുകാരനായ ഹാര്‍ദിക് രതി ആണ് മരിച്ചത്. റോത്തക്കിലെ ലഖാന്‍ മജ്രയിലെ കോര്‍ട്ടില്‍ ഇന്നലെ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. സുഹൃത്തുക്കള്‍ സഹായിക്കാന്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബാസ്‌കറ്റ് ബോള്‍ കളിക്കാനെത്തിയ ഹാര്‍ദ്ദിക് ബോളെടുത്ത് ബാസ്‌കറ്റിലേക്ക് ഇട്ടശേഷം പോളില്‍ തൂങ്ങിയപ്പോഴാണ് ഇരുമ്പ് കൊണ്ടുണ്ടാക്കിയ പോള്‍ ഒടിഞ്ഞു ദേഹത്തുവീണത്. നിലത്തുവീണ ഹാര്‍ദ്ദിക്കിന്റെ നെഞ്ചില്‍ പോള്‍ ഇടിച്ചു. സുഹൃത്തുക്കള്‍ ഓടിയെത്തി പോള്‍ എടുത്തുമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഹാര്‍ദ്ദിക്കിന്റെ മരണത്തെത്തുടര്‍ന്ന് അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ദേശീയ യൂത്ത് ചാംപ്യന്‍ഷിപ്പുകളില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി പറഞ്ഞു.
സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഹാര്‍ദിക് കോര്‍ട്ടില്‍ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നത് കാണാം. മധ്യത്തില്‍ പോള്‍ ഉള്ള സെമി സര്‍ക്കിളായ ത്രീ-പോയിന്റ് ലൈനില്‍ നിന്ന് ചാടി ഹാര്‍ദിക് ബാസ്‌കറ്റില്‍ തൊടാന്‍ ശ്രമിക്കുന്നു. ആദ്യത്തെ പ്രാവശ്യം കൃത്യമായി തൊടുകയും രണ്ടാമത്തെ പ്രാവശ്യം വീണ്ടും ചാടി ബാസ്‌ക്ക്റ്റിന്റെ റിമ്മില്‍ മുറുകെ പിടിക്കുകയുമായിരുന്നു. പിന്നാലെ പോള്‍ ഒന്നാകെ ഹാര്‍ദികിന് മുകളിലേക്ക് മറിഞ്ഞു. നിലത്തുവീണ ഹാര്‍ദികിന്റെ നെഞ്ചിലായിരുന്നു പോളിന്റെ ഭാരം മുഴുവനും.
സംഭവത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാര്‍ദികിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറിയതായി പൊലീസ് പറഞ്ഞു. ദേശീയ ടീമില്‍ കളിച്ചുകൊണ്ടിരുന്ന ഹാര്‍ദിക് അടുത്തിടെയാണ് വീടിനടുത്തുള്ള പരിശീലന ക്യാമ്പില്‍ തിരിച്ചെത്തിയത്. ഹാര്‍ദിക്കും ഇളയ സഹോദരനെയും സ്ഥിരമായി ഇവിടെ പരിശീലനം നടത്താറുണ്ടായിരുന്നു.
അതേസമയം, ഹരിയാനയിലെ ബഹാദൂര്‍ഗഡ് ജില്ലയിലും സമാന അപകടം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പതിനഞ്ചു വയസ്സുകാരനായ അമന്‍ ആണ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നതിനിടെ ബാസ്‌കറ്റ്‌ബോള്‍ പോളില്‍ ഇടിച്ച് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആന്തരിക പരിക്കുകളാണ് മരണകാരണം. ഇരുസംഭവങ്ങളും ഹരിയാനയിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും അവയുടെ പരിപാലനത്തെയും കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.




