ന്യൂഡല്‍ഹി: പാന്‍ മസാല വ്യവസായി കമല്‍ കിഷോര്‍ ചൗരസ്യയുടെ മരുമകള്‍ ജീവനൊടുക്കി. കമല്‍ കിഷോറിന്റെ മകന്‍ ഹര്‍പ്രീതിന്റെ ഭാര്യ ദീപ്തി ചൗരസ്യ(40) ആണ് മരിച്ചത്. സൗത്ത് ഡല്‍ഹിയിലെ വസന്ത് വിഹാറിലെ കുടുംബ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കിയെന്നാണ് വിവരം. ഭര്‍ത്താവിനും കുടുംബത്തിനെതിരെ ദീപ്തിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്ന് കുറിപ്പ് പൊലീസ് കണ്ടെടുത്തു. കുറിപ്പില്‍ ആരുടെയും പേരുവിവരങ്ങളില്ല. എന്നാല്‍ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ''ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഒരു ബന്ധത്തില്‍ പ്രണയമോ വിശ്വാസമോ ഇല്ലെങ്കില്‍, ആ ബന്ധത്തില്‍ തന്നെ തുടരുന്നതില്‍ എന്താണ് കാര്യം'' കുറിപ്പില്‍ പറയുന്നു.

2010ലാണ് ദീപ്തിയും ഹര്‍പ്രീതും വിവാഹിതരായത്. ഇവര്‍ക്ക് 14 വയസുള്ള മകനുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. ഹര്‍പ്രീത് ചൗരസ്യയുടെ രണ്ടു ഭാര്യമാരുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള സിനിമ നടിയാണ് രണ്ടാം ഭാര്യ എന്നാണ് പറയപ്പെടുന്നത്.

പ്രശസ്ത പാന്‍ മസാല കമ്പനികളായ കമല പസന്ദ്, രാജശ്രീ പാന്‍ മസാല എന്നിവുടെ ഉടമകളാണ് കമല്‍ കിഷോര്‍ ചൗരസ്യ കുടുംബം. കമല പസന്ദിന് മാത്രം 3,000 കോടിയിലധികം വിപണി മൂല്യമുണ്ട്.