ലഖ്‌നൗ: വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ചിപ്‌സ് പാക്കറ്റുകള്‍ കൈക്കലാക്കാന്‍ തിരക്കുകൂട്ടിയതോടെ വിവാഹ ചടങ്ങുകള്‍ അലങ്കോലമായി. യുപി സര്‍ക്കാര്‍ നടത്തിയ സമൂഹവിവാഹത്തിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 383 വിവാഹങ്ങള്‍ നടന്ന വേദിയിലാണ് ആളുകള്‍ അലമ്പുണ്ടാക്കിയത്.

യുപിയിലെ ഹാമിര്‍പുരിലാണ് സമൂഹവിവാഹം നടത്തിയത്. വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ് പങ്കെടുക്കാനെത്തിയവര്‍ക്ക് ചിപ്‌സും ചെറുകടികളും വിതരണം ചെയ്തതോടെയാണ് ആളുകള്‍ തിക്കും തിരക്കുമുണ്ടക്കിയത്. ഏതാനും പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ചിലര്‍ ചിപ്‌സ് പായ്ക്കറ്റ് പെട്ടിയോടെ കൈക്കലാക്കാന്‍ നോക്കുന്നതും മറ്റു ചിലര്‍ തട്ടിപ്പറിക്കാന്‍ നോക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. തിരക്ക് നിയന്ത്രിക്കാന്‍ അധികൃതരാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.