ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാറിനെ നിയോഗിച്ചേക്കും. സിദ്ധരാമയ്യ-ഡി.കെ. ശിവകുമാര്‍ പോരാട്ടത്തില്‍ ശനിയാഴ്ച നിര്‍ണായക തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യയെ അനുനയിപ്പാനാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ട് ശ്രമം. ഇത് വിജയിക്കുമെന്നാണ് സൂചന.

തന്നോടും ശിവകുമാറിനോടും പരസ്പരം കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം നിര്‍ദേശിച്ചതായും അതിന്‍പ്രകാരം, ശനിയാഴ്ച പ്രഭാതഭക്ഷണത്തിന് ശിവകുമാറിനെ ക്ഷണിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഹൈക്കമാന്‍ഡ് വിളിപ്പിച്ചാല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തയ്യറാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ഹൈക്കമാന്‍ഡ് ഡി.കെ. ശിവകുമാറിനെ വിളിച്ചിരുന്നു. എന്നെയും അവര്‍ വിളിച്ചു. ഞങ്ങളോട് ഇരുവരോടും തമ്മില്‍ക്കണ്ട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചു. അദ്ദേഹം അവിടേക്ക് വരുമ്പോള്‍ ഞങ്ങള്‍ എല്ലാക്കാര്യവും ചര്‍ച്ച ചെയ്യും, സിദ്ധരാമയ്യ പറഞ്ഞു.

വെള്ളിയാഴ്ച ശിവകുമാര്‍ നിര്‍ണായകചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം ഇപ്പോഴും കര്‍ണാടകയിലുണ്ട്.