- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; 12 മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് ജവാന്മാര്ക്ക് വിരമൃത്യു
ബീജാപുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബസ്തര്‍ ഡിവിഷനില്‍ ബിജാപ്പൂരിലെ വനമേഖലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, ഛത്തീസ്ഗഡ് പൊലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സിആര്‍പിഎഫ് കോബ്ര ബെറ്റാലിയന്‍ എന്നിവരുടെ സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീടുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സുരക്ഷസേന അറിയിച്ചു.
ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് അംഗങ്ങളാണ് മരിച്ചത്. ഒരു ജവാന് ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ബീജാപുര്‍- ദന്ദേവാഡ ജില്ലകളുടെ അതിര്‍ത്തി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡ് പോലീസിന്റെ ഭാഗമായ ഡിസ്ട്രിക റിസര്‍വ് ഗാര്‍ഡ്, മാവോയിസ്റ്റു ഓപ്പറേഷനുവേണ്ടിയുള്ള സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സിആര്‍പിഎഫിന്റെ കോബ്ര കമാന്‍ഡൊകള്‍ എന്നിവരുടെ സംയുക്ത സംഘമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വദാദി, കോണ്‍സ്റ്റബിള്‍ ദുകാരു ഗോണ്ടെ എന്നിവരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ചത്.
ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്ന ബസ്തര്‍ ഡിവിഷനിലുള്‍പ്പെടുന്ന പ്രദേശമാണ്. കൂടുതല്‍ മാവോയിസ്റ്റുകള്‍ ഉണ്ടായിരിക്കാമെന്ന സംശയത്തില്‍ പ്രദേശത്ത് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 270 മാവോയിസ്റ്റുളെയാണ് സുരക്ഷാസേന വധിച്ചത്. ഇതില്‍ 241 പേരെയും വധിച്ചത് ബസ്തറിലാണ്. 2026 മാര്‍ച്ച് 31 ഓടെ മാവോവാദ ഭീഷണി അവസാനിപ്പിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. കീഴടങ്ങാത്ത മാവോയിസ്റ്റുകളോട് അനുനയത്തിനില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. കീഴടങ്ങുക അല്ലെങ്കില്‍ കൊല്ലപ്പെടുക എന്നീ വഴികള്‍ മാത്രമാണ് മാവോയിസ്റ്റുകള്‍ക്ക് മുന്നിലുള്ളതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നയം.




