ചെന്നൈ: ചെന്നൈയില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഇടിയോട് കൂടിയ മഴയാണ് പെയ്യുന്നത്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്നും വിദ്യാലയങ്ങള്‍ക്ക് അവധിയായിരുന്നു. ഏഴ് ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകളും കോളേജുകളും ഇന്ന് പ്രവര്‍ത്തിച്ചില്ല. അതേസമയം, ചെന്നൈയില്‍ ഗണേശപുരം സബ്‌വേ അടച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് വീടിന്റെ ചുവരിടിഞ്ഞു വീണു അപകടമുണ്ടായി.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട്, വില്ലുപുരം, കല്ലക്കുറിച്ചി, കടലൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കായിരുന്നു ഇന്ന് അവധി. പുതുച്ചേരിയിലെ സ്‌കൂളുകള്‍ക്കും അവധിയായിരുന്നു. ചെന്നൈയില്‍ നിലവില്‍ ഇരുപതിലധികം ജില്ലകളില്‍ മഴ പെയ്യുകയാണ്. തിങ്കളാഴ്ച മുതല്‍ ഗണേശപുരം സബ്‌വേയില്‍ കഴുത്തറ്റം വെളളമുണ്ടായിരുന്നു. തുടര്‍ന്ന് വെള്ളം പമ്പ് ചെയ്ത് മാറ്റാന്‍ ശ്രമം നടന്നെങ്കിലും വീണ്ടും കനത്ത മഴ പെയ്തതോടെയാണ് സബ്‌വേ അടച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ വ്യാപകമായി കനത്ത മഴ പെയ്യുന്നുണ്ട്. ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തുടങ്ങിയ മഴ തമിഴ്‌നാട്ടില്‍ ഇപ്പോഴും തുടരുകയാണ്.

തുടര്‍ച്ചയായ കനത്ത മഴയെ തുടന്ന് ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലുമുണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിച്ചു. ന്യൂനമര്‍ദ്ദം കാരണം ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ഇന്നും വ്യാപകമായ മഴ പെയ്യുന്നുണ്ട്. ഈറോഡ്, കോയമ്പത്തൂര്‍ ജില്ലകളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും തിരുപ്പൂര്‍, തേനി, ദിണ്ടിഗല്‍, തെങ്കാശി, തിരുനെല്‍വേലി, കന്യാകുമാരി, സേലം, നാമക്കല്‍ ജില്ലകളില്‍ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.