ന്യൂഡല്‍ഹി: മധ്യപ്രദേശിലെ സത്നയില്‍ ആറു കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തി. തലാസീമിയ രോഗികളാരായ 6 കുട്ടികള്‍ക്ക് ആശുപത്രികളില്‍നിന്നു രക്തം സ്വീകരിച്ചപ്പോള്‍ എച്ച്‌ഐവി ബാധിച്ചെന്നാണ് നിഗമനം. പതിനൊന്ന് വയസില്‍ താഴെ പ്രായമുള്ള 5 ആണ്‍കുട്ടികള്‍ക്കും ഒന്‍പതു വയസുള്ള ഒരു പെണ്‍കുട്ടിക്കുമാണ് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയത്. ഒരു കുട്ടിയുടെ രക്ഷിതാക്കളും എച്ച്‌ഐവി പോസിറ്റീവാണെന്നു കണ്ടെത്തിയിട്ടുണ്ട്.

സത്ന ജില്ലാ ആശുപത്രി, ജബല്‍പുര്‍ ജില്ലാ ആശുപത്രി എന്നിവയടക്കം ആശുപത്രികളില്‍നിന്നാണു കുട്ടികള്‍ക്കു രക്തം നല്‍കിയത്. ഈ വര്‍ഷം ജനുവരിക്കും മേയ് വരെയുള്ള കാലയളവില്‍ ഇവര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചെങ്കിലും ഇപ്പോള്‍ മാത്രമാണ് വിവരം പുറംലോകമറിഞ്ഞത്. സമഗ്രമായ അന്വേഷണത്തിന് മധ്യപ്രദേശ് ആരോഗ്യമന്ത്രി രാജേന്ദ്ര ശുക്ല ഉത്തരവിട്ടു. സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തത ലഭിക്കുയെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നല്ലാതെ മറ്റ് ആശുപത്രികളില്‍ നിന്ന് രക്തം സ്വീകരിച്ചിരുന്നോ എന്നും വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.