ശ്രീനഗര്‍: ബിഹാറില്‍ സര്‍ക്കാര്‍ പരിപാടിക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയുഷ് വനിത ഡോക്ടറുടെ മുഖാവരണം നീക്കിയത് വലിയ വിവാദമായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. നിതീഷ് കുമാര്‍ തന്റെ തനിനിറം വെളിപ്പെടുത്തി എന്നായിരുന്നു ബുര്‍ഖ വിവാദത്തില്‍ ഒമര്‍ അബ്ദുല്ലയുടെ പ്രതികരണം. തന്റെ രാഷ്ട്രീയ എതിരാളിയായും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് ഈ ട്രെന്‍ഡ് തുടങ്ങിവെച്ചതെന്നും ഒമര്‍ അബ്ദുല്ല ആരോപിച്ചു.

''ഇതുപോലുള്ള സംഭവങ്ങള്‍ക്ക് ഞങ്ങള്‍ മുമ്പ് സാക്ഷിയായിട്ടുണ്ട്. എന്റെ തെരഞ്ഞെടുപ്പ് സമയത്ത് മെഹബൂബ മുഫ്തി സാധുവായ ഒരു വോട്ടറുടെ മുഖാവരണം നീക്കിയ സംഭവം എല്ലാവരും മറന്നിട്ടുണ്ടാകും. അതേ ചിന്താഗതിയുടെ ആവര്‍ത്തനമാണ് കഴിഞ്ഞ ദിവസം ബിഹാറില്‍ നടന്നത്. അത് നിര്‍ഭാഗ്യകരവും അപമാനകരവുമായിരുന്നു. ഈ സംഭവവും അതുപോലെ തന്നെ''-എന്നാണ് ശ്രീനഗറില്‍ നടന്ന പൊതുപരിപാടിക്കിടെ ഒമര്‍ അബ്ദുല്ല പറഞ്ഞത്.