ന്യൂഡല്‍ഹി: റഷ്യ - യുക്രൈയിന്‍ യുദ്ധസമയത്ത് റഷ്യന്‍ കരസേനയില്‍ ജോലി ചെയ്ത 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായും ഏഴ് പേരെ കാണാതായെന്നും കേന്ദ്ര സര്‍ക്കാര്‍. 202 ഇന്ത്യാക്കാരാണ് അനധികൃതമായി റഷ്യന്‍ സേനയിലുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരെ കാണാതായെന്നും 119 പേരെ തിരികെ എത്തിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 50 പേരെ തിരികെ എത്തിക്കാന്‍ നടപടികള്‍ തുടരുകയാണ്. മലയാളികള്‍ അടക്കം റഷ്യന്‍ സേനയില്‍ കുടുങ്ങിയെന്ന വാര്‍ത്തക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

ഈ മാസം ആദ്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചത്. 23 -ാമത് ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പുടിന്‍, ഇന്ത്യയുമായി നിര്‍ണായക കരാറുകളില്‍ ഒപ്പിട്ട ശേഷമാണ് മടങ്ങിയത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനം വന്‍ വിജയമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്. എന്നും ഓര്‍മ്മിക്കപ്പെടുന്ന സന്ദര്‍ശനമാവും ഇതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വലിയ വിജയമായ സന്ദര്‍ശനം എന്നാണ് വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ കുറിച്ചത്. വ്യാപാരം ഇരട്ടിയാക്കാനും 2030 വരേയ്ക്കുള്ള സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കാനായതും നേട്ടമെന്ന് സര്‍ക്കാര്‍ കരുതുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞെങ്കിലും ഇത് നിറുത്തിവയ്ക്കില്ല എന്ന സൂചനയാണ് ഇന്ത്യ - റഷ്യ സംയുക്ത പ്രസ്താവന നല്‍കിയത്. എണ്ണ ഇറക്കുമതി കുറയുമ്പോഴും കൂടുതല്‍ രാസവളം അടക്കം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പു വച്ചു. ഖനനം അടക്കമുള്ള മേഖലകളില്‍ റഷ്യയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധര്‍ക്കും തൊഴിലാളികള്‍ക്കും പോകാന്‍ സഹായകരമാകുന്ന കരാറും ഇന്നലെ ഒപ്പു വച്ചിരുന്നു. പാശ്ചാത്യ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തത്.