- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശില്‍ സംഘര്‍ഷം കടുക്കുന്നു; ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കി
ധാക്ക: ബംഗ്ലാദേശില്‍ കലാപം ആളിപ്പടരുന്ന സാഹചര്യത്തില്‍ സില്‍ഹെറ്റ് നഗരത്തിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ ഓഫീസിനും വിസ കേന്ദ്രത്തിനും സുരക്ഷ വര്‍ധിപ്പിച്ചു. വ്യാഴാഴ്ച ചാറ്റോഗ്രാമിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതിക്ക് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തിലാണ് ഈ മുന്‍കരുതല്‍ നടപടി. സില്‍ഹെറ്റിലെ ഉപാഷഹര്‍ പ്രദേശത്തുള്ള ഹൈക്കമ്മീഷന്‍ ഓഫീസ്, അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വസതി, ശോഭനിഘട്ട് വിസ അപേക്ഷാ കേന്ദ്രം എന്നിവിടങ്ങളില്‍ പോലീസിനെ വിന്യസിച്ചതായി സില്‍ഹെറ്റ് മെട്രോപൊളിറ്റന്‍ പോലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സൈഫുല്‍ ഇസ്ലാം അറിയിച്ചു.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാവും ഇന്‍ഖിലാബ് മഞ്ച് വക്താവുമായ ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഹാദിയുടെ മരണത്തിന് പിന്നാലെ അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ ഓഫീസ് വളയാന്‍ ഗാനോ ഒധികര്‍ പരിഷത്ത് ആഹ്വാനം ചെയ്യുകയും സില്‍ഹെറ്റ് സെന്‍ട്രല്‍ ഷഹീദ് മിനാറിന് മുന്നില്‍ ഇന്‍ഖിലാബ് മഞ്ച് കുത്തിയിരിപ്പ് സമരം സംഘടിപ്പിക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ നടക്കാനിരുന്ന പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഹാദി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസംബര്‍ 12-ന് തലയ്ക്ക് വെടിയേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
ശനിയാഴ്ച ധാക്ക സര്‍വകലാശാല പള്ളിക്ക് സമീപം നടന്ന ഹാദിയുടെ സംസ്‌കാര ചടങ്ങ് വലിയ പ്രതിഷേധ സംഗമമായി മാറി. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത് മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹാദിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് ഇന്‍ഖിലാബ് മഞ്ച് ഇടക്കാല സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് വഴിതെളിച്ച പ്രക്ഷോഭങ്ങളില്‍ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു ഹാദി.




