ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ പാഞ്ഞടുത്ത് പശു. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരാണ് മുഖ്യമന്ത്രിയുടെ അരികിലേക്ക് പശു എത്താതെ തടഞ്ഞത്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ചയുണ്ടായതിന് ഗൊരഖ്പുര്‍ മുനിസിപ്പല്‍ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു.

ഗൊരഖ്പുര്‍ മുനിസിപ്പാലിറ്റിയിലെ ഗോരഖ്‌നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയപ്പോഴാണ് സംഭവം. ഉദ്ഘാടന വേദിക്ക് മുന്നില്‍ യോഗി കാറില്‍ നിന്ന് ഇറങ്ങി നടന്നതിന് പിന്നാലെ, പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു അദ്ദേഹത്തിന് നേരെ ഓടിയടുക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി പശുവിനെ വളയുകയും ദൂരേക്ക് ഓടിച്ചുവിടുകയുമായിരുന്നു.

സംഭവത്തില്‍ മുനിസിപ്പല്‍ കമ്മീഷണര്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഒരുക്കിയ സുരക്ഷാ മുന്‍കരുതലുകളില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു അന്വേഷണം. തുടര്‍ന്നാണ്, മുനിസിപ്പല്‍ സൂപ്പര്‍വൈസര്‍ അരവിന്ദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.