ഹൈദരാബാദ്: ഹൈദരാബാദിലെ ഐടി ഇടനാഴികളെ നടുക്കി ലഹരിമരുന്ന് വേട്ട. പ്രമുഖ ഐടി കമ്പനിയിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറും കാമുകനും ഹൈദരാബാദ് പൊലീസിന്റെ പിടിയിലായി. ജോലിയില്‍ നിന്നുള്ള ശമ്പളത്തിന് പുറമെ ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്താനാണ് ഇരുവരും മാരക ലഹരിമരുന്നുകളുടെ വില്പനയിലേക്ക് തിരിഞ്ഞത്.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു ലഹരി മാഫിയയില്‍ നിന്നാണ് ഇവര്‍ എംഡിഎംഎയും (MDMA) എല്‍എസ്ഡി (LSD) സ്റ്റാമ്പുകളും ഹൈദരാബാദിലെത്തിച്ചിരുന്നത്. പ്രധാനമായും ഐടി ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ബിസിനസ്. വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി രഹസ്യ കോഡുകള്‍ ഉപയോഗിച്ചായിരുന്നു ഇടപാടുകള്‍. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതിക്ക് ഐടി മേഖലയിലുള്ള ബന്ധങ്ങള്‍ ലഹരി വില്പനയ്ക്ക് വളമായി.

ചിക്കഡപ്പള്ളി പൊലീസും ടാസ്‌ക് ഫോഴ്സും സംയുക്തമായി നടത്തിയ റെയിഡിലാണ് ഇവരുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. പ്രതികള്‍ രണ്ടുപേരും ലഹരിക്ക് അടിമകളാണെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ബെംഗളൂരുവിലെ ലഹരി ശൃംഖലയെക്കുറിച്ചും ഹൈദരാബാദിലെ കൂടുതല്‍ ഐടി ഉദ്യോഗസ്ഥര്‍ക്ക് ഈ സംഘവുമായി ബന്ധമുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.