ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിരോധ മന്ത്രാലയം ഇളവ് വരുത്തി. പുതിയ നിര്‍ദ്ദേശപ്രകാരം സൈനികര്‍ക്ക് ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ കാണുന്നതിനും നിരീക്ഷിക്കുന്നതിനും അനുവാദമുണ്ടാകും. എന്നാല്‍, ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനോ, മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യാനോ കമന്റ് ചെയ്യാനോ പാടില്ല എന്ന കര്‍ശന നിബന്ധന നിലനില്‍ക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയുന്നതിനും അവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതിനുമാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത യുദ്ധമുറകളും ഓണ്‍ലൈന്‍ പ്രചരണങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തില്‍ സൈനികര്‍ ഡിജിറ്റല്‍ ലോകത്തെ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണെന്ന് സൈന്യം കരുതുന്നു.

സൈനികര്‍ക്ക് 'നിശബ്ദ കാഴ്ചക്കാര്‍' ആയി മാത്രമേ പ്ലാറ്റ്ഫോമില്‍ തുടരാന്‍ സാധിക്കൂ. യൂണിഫോമിലുള്ള ചിത്രങ്ങളോ സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങളോ ഒരു കാരണവശാലും പങ്കുവെക്കാന്‍ പാടില്ല. കൂടാതെ, വിപിഎന്‍ വഴിയുള്ള ഉപയോഗത്തിനും നിരോധനമുണ്ട്. ഹണിട്രാപ്പ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികള്‍ കണക്കിലെടുത്ത് 2020-ലാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള 89 ആപ്പുകള്‍ക്ക് സൈന്യം നിരോധനം ഏര്‍പ്പെടുത്തിയത്. നിലവില്‍ എക്‌സ് , യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും സമാനമായ 'വ്യൂ ഒണ്‍ലി' സൗകര്യം സൈനികര്‍ക്ക് ലഭ്യമാണ്.