മുംബൈ: ഡോക്ടറും രോഗിയും തമ്മില്‍ 8,000 കിലോമീറ്റര്‍ അകലം. മുംബൈയില്‍ ചികിത്സയിലുള്ള രോഗികളുടെ ശസ്ത്രക്രിയയ്ക്ക് അങ്ങകലെ ചൈനയില്‍ ഇരുന്ന് നേതൃത്വം നല്‍കി ഡോക്ടര്‍. പ്രോസ്റ്റേറ്റ് കാന്‍സറും വൃക്ക രോഗവും ബാധിച്ചു മുംബൈയില്‍ ചികിത്സയിലുള്ള രണ്ട് രോഗികള്‍ക്കാണ് ചൈനയിലുള്ള ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്.

റിമോട്ട് നിയന്ത്രിത റോബട്ടിക് സംവിധാനത്തില്‍ നടത്തിയ രണ്ട് ശസ്ത്രക്രിയകളും വിജയം. ഷാങ്ഹായിലെ ഡോക്ടറുടെയും മുംബൈ ആശുപത്രിയിലെ റോബട്ടിന്റെയും ചലനങ്ങള്‍ തമ്മിലുണ്ടായിരുന്നത് കേവലം 132 മില്ലി സെക്കന്‍ഡിന്റെ വ്യത്യാസം മാത്രം. ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത് എണ്ണായിരത്തിലേറെ കിലോമീറ്റര്‍ അകലെ ചൈനയിലെ ഷാങ്ഹായിലുള്ള ഡോക്ടറാണ്.

മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയകള്‍. അതിവേഗ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍. നാലായിരത്തിലേറെ റോബട്ടിക് ശസ്ത്രക്രിയകള്‍ ചെയ്തിട്ടുള്ള യൂറോഓങ്കോളജി റോബട്ടിക് സര്‍ജറി വിഭാഗം ഡയറക്ടര്‍ ഡോ. ടി.ബി. യുവരാജയാണു ചൈനയില്‍നിന്നു ശസ്ത്രക്രിയ നിയന്ത്രിച്ചത്. കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) അനുമതി വാങ്ങിയിരുന്നു.