ബിജ്‌നോര്‍: വസ്ത്രവ്യാപാരകേന്ദ്രത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തിമുനയില്‍ ബന്ദിയാക്കി പണവും സ്‌കൂട്ടറും ആവശ്യപ്പെട്ട യുവാവിനെ പിടികൂടി പൊലീസ്. യുപിയിലെ ബിജ്നോറില്‍ ഒരു വസ്ത്രവ്യാപാരകേന്ദ്രത്തിലാണ് ബുധനാഴ്ച സംഭവം. വസ്ത്രം വാങ്ങാനാണ് രണ്ട് പെണ്‍കുട്ടികള്‍ കടയിലെത്തിയത്. ഈ സമയത്ത് മുഖംമൂടി ധരിച്ചെത്തിയ യുവാവ് പെണ്‍കുട്ടികളിലൊരാളുടെ കഴുത്തില്‍ കത്തി വച്ച് കടയുടമയോട് ഒരു ലക്ഷം രൂപയും സ്‌കൂട്ടറും ആവശ്യപ്പെട്ടു.

സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന നജിബാബാദ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിതേഷ് പ്രതാപ് സിങ്ങും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാഹുല്‍ സിങ്ങും ഈ സമയം കടയിലെത്തി. പൊലീസ് സംഘം മല്‍പിടുത്തത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തി പെണ്‍കുട്ടിയെ രക്ഷിച്ചു. ഇതിനിടെ പെണ്‍കുട്ടിയുടെ കഴുത്തില്‍ ചെറിയ മുറിവ് പറ്റി.

അറസ്റ്റിലായ പ്രതി ബരാബങ്കി നിവാസിയാണ്. വൈകുന്നേരം ട്രെയിനില്‍ നജിബാബാദില്‍ എത്തിയതായും പിന്നീട് സ്റ്റേഷന്‍ റോഡിലെ തിരക്കേറിയ മാര്‍ക്കറ്റ് ഏരിയയില്‍ എത്തി തട്ടിപ്പിന് ശ്രമിക്കുകയായിരുന്നെന്നും അയാള്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിതേഷ് പ്രതാപ് സിങ് പറഞ്ഞു.