ന്യൂഡല്‍ഹി: വിമാനയാത്രയില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) നിരോധിച്ചു. വിമാനങ്ങള്‍ക്കുള്ളിലെ ഇന്‍-സീറ്റ് പവര്‍ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് ഇനി അനുവാദമുണ്ടാകില്ല. വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികള്‍ക്ക് തീ പിടിക്കാനുള്ള സാധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിര്‍ണായക തീരുമാനം. കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഒരു ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ യാത്രക്കാരന്റെ പവര്‍ ബാങ്കിന് തീപിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ കര്‍ശന നിയന്ത്രണം.

പുതിയ ഉത്തരവ് പ്രകാരം പവര്‍ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ (Hand luggage) മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ. ഇവ വിമാനത്തിലെ ഓവര്‍ഹെഡ് ബിന്നുകളിലോ (Overhead bins) ചെക്ക്-ഇന്‍ ബാഗുകളിലോ വെക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഓവര്‍ഹെഡ് ബിന്നുകളില്‍ വെക്കുന്ന ബാഗുകളില്‍ തീപിടുത്തമുണ്ടായാല്‍ അത് പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാന്‍ വൈകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം എന്ന് ഡിജിസിഎ മുന്നറിയിപ്പ് നല്‍കുന്നു.

ലിഥിയം ബാറ്ററികള്‍ക്ക് തീപിടിച്ചാല്‍ അത് അണയ്ക്കുക പ്രയാസകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കുന്നു. പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ബാഗുകളില്‍ അനുവദിക്കാത്തതിനാല്‍, വിമാനത്തിലെ ഓവര്‍ഹെഡ് ബിന്നുകള്‍ നിറയുമ്പോള്‍ ഹാന്‍ഡ് ബാഗുകള്‍ കാര്‍ഗോ ഹോള്‍ഡിലേക്ക് മാറ്റുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് പൈലറ്റുമാരും വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാര്‍ഗോ ഹോള്‍ഡില്‍ തീപിടുത്തമുണ്ടായാല്‍ അത് തിരിച്ചറിയാന്‍ വൈകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.

യാത്രയ്ക്കിടെ ഏതെങ്കിലും ഉപകരണത്തിന് അമിതമായ ചൂടോ പുകയോ അല്ലെങ്കില്‍ അസാധാരണമായ മണമോ അനുഭവപ്പെട്ടാല്‍ യാത്രക്കാര്‍ ഉടന്‍ തന്നെ ക്യാബിന്‍ ക്രൂവിനെ അറിയിക്കേണ്ടതാണെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ലിഥിയം ബാറ്ററികളുമായി ബന്ധപ്പെട്ട എല്ലാ അപകടങ്ങളും വിമാനക്കമ്പനികള്‍ ഉടന്‍ തന്നെ ഡിജിസിഎയെ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ പുതിയ നിയമങ്ങളെക്കുറിച്ച് അനൗണ്‍സ്‌മെന്റുകള്‍ നടത്താന്‍ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റ്‌സ്, സിംഗപ്പുര്‍ എയര്‍ലൈന്‍സ് തുടങ്ങിയ ആഗോള വിമാനക്കമ്പനികളും സമാനമായ നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുണ്ട്.