മൈസൂരു: പതിനാറുകാരിയെ പെണ്‍വാണിഭ സംഘത്തിന് വിറ്റ പിതാവും മുത്തശ്ശിയും അടക്കം മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ചിക്കമഗളൂരു ജില്ലയിലെ കടൂര്‍ താലൂക്കിലെ ബിരൂര്‍ ഹോബ്ലിയിലാണ് സ്വന്തം പിതാവും മുത്തശ്ശിയും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിറ്റത്. അമ്മ നഷ്ടപ്പെട്ട കുട്ടിയെ പിതാവ് ഗിരീഷ്, മുത്തശ്ശി നാഗരത്‌ന എന്നിവര്‍ പണത്തിനായി ഭരത് ഷെട്ടി എന്നയാള്‍ക്ക് വില്‍ക്കുകയായിരുന്നു.

ഭരത് ഷെട്ടി പെണ്‍കുട്ടിയെ മംഗളൂരുവിലേക്ക് കടക്കുകയും നിരവധി പേര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തു. മംഗളൂരുവിലെത്തിയ കുട്ടിയെ ആറുദിവസത്തിനിടെ പത്തുപേര്‍ പീഡിപ്പിച്ചതായാണ് പരാതി. പീഡനം സഹിക്കവയ്യാതെ കുട്ടി ആരുമറിയാതെ മംഗളൂരുവില്‍നിന്ന് സ്വന്തം നാട്ടിലെത്തി വിവരം അമ്മാവനെ അറിയിക്കുകയായിരുന്നു.

അമ്മാവന്‍ കുട്ടിയെയുംകൂട്ടി ബിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. തുടര്‍ന്ന് പോലീസ് ഗിരീഷ്, ഗിരീഷിന്റെ മാതാവ് നാഗരത്‌ന, ഭരത് ഷെട്ടി എന്നിവരെ അറസ്റ്റുചെയ്തു. മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.