നാഗ്പൂര്‍: മരിച്ചെന്ന് കരുതി ശവസംസ്‌ക്കാര ചടങ്ങുകള്‍ക്ക് തയ്യാറെടുക്കവെ 103കാരിയായ വയോധികയുടെ ശരീരത്തിന് അനക്കം. ഒടുവില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിയവര്‍ മടങ്ങിയത് വയോധികയുടെ പിറന്നാല്‍ കേക്ക് മുറിച്ച് ആഘോഷിച്ച്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ രാംടേക്കിലാണ് സംഭവം. ഗംഗാഭായി സാഖരെ എന്ന വയോധികയെ ആണ് മരിച്ചെന്ന് കരുതി സംസ്‌ക്കരിക്കാന്‍ ഒരുങ്ങിയത്.

തിങ്കളാഴ്ച വൈകുന്നേരം ഗംഗാഭായിയുടെ ശരീര ചലനങ്ങള്‍ നിലച്ചതിനെ തുടര്‍ന്ന് മരിച്ചതായി കരുതി കുടുംബം അവസാന കര്‍മ്മങ്ങള്‍ ആരംഭിച്ച. മരണ വാര്‍ത്തയറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും എത്തി. ചൊവ്വാഴ്ച രാവിലെ, ഗംഗാഭായിയെ പുതിയ സാരി ധരിപ്പിക്കുകയും കൈകാലുകള്‍ കെട്ടുകയും മൂക്കില്‍ പഞ്ഞി തിരുകുകയും ചെയ്തു.

വയോധികയുടെ സംസ്‌കാരത്തിനുള്ള അവസാന തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ ചെറുമകനായ രാകേഷ് സഖാരെയ്ക്ക്് വയോധികയുടെ കാല്‍വിരലുകള്‍ അനങ്ങുന്നതായി തോന്നി. മൂക്കില്‍ നിന്നുള്ള പഞ്ഞി എടുത്തയുടന്‍ ഗംഗാഭായി ശക്തമായി ശ്വാസം വലിച്ചു. ഇതുകണ്ട മരണ വീട് സന്തോഷ മുഖരിതമായി. ഉടന്‍ തന്നെ ശവമഞ്ചം തിരികെ അയയ്ക്കുകയും വിലാപ ടെന്റ് ഉടനടി പൊളിക്കുകയും ചെയ്തു.

അപ്പോഴാണ് കുടുംബാംഗങ്ങള്‍ക്ക് അന്നേദിവസം അവരുടെ പിറന്നാളാണെന്ന കാര്യം ഓര്‍മ്മ വന്നത്. യാദൃച്ഛികമായി മുത്തശ്ശിയുടെ പിറന്നാള്‍ ദിനമായതിനാല്‍ സംസ്‌കാരത്തിനു പകരം കുടുംബം കേക്ക് മുറിച്ച് ആഘോഷിച്ചു. ദുഃഖിതരായ മുഖങ്ങളോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി എത്തിയവര്‍, പിറന്നാള്‍ കേക്ക് കഴിച്ച് സന്തോഷത്തോടെ മടങ്ങി. രണ്ടാം ജന്മം ലഭിച്ച ഈ സ്ത്രീയെ കാണാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ പോലും എത്തുകയാണ്.