മുംബൈ: മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ മുസ്ലിം ലീഗിന് നാല് സീറ്റില്‍ വിജയം. നാഗ്പൂര്‍ കോര്‍പറേഷനില്‍ നാല് വാര്‍ഡുകളാണ് മുസ്‌ലിം ലീഗ് നേടിയത്. മുസ്‌ലിം ലീഗ് മഹാരാഷ്ട്ര പ്രസിഡന്റ് അസ്ലം ഖാന്‍ മുല്ല, മുജ്തബ അന്‍സാരി, രേഖ വിശ്വസ് പാട്ടില്‍, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്. നഗരസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് ആരുമായി സഖ്യമുണ്ടായിരുന്നില്ല. ബി.ജെ.പി, കോണ്‍ഗ്രസ്, ഉവൈസിയുടെ മജ്ലിസ് പാര്‍ട്ടി എന്നിവരോട് എതിരിട്ടാണ് വിജയം നേടിയെടുത്തത്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈര്‍, യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാന്‍, ദേശീയ സെക്രട്ടറി സികെ ശാക്കിര്‍, മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എച്ച്. അബ്ദുറഹ്‌മാന്‍ എന്നിവര്‍ നാഗ്പൂരില്‍ തങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. വിജയികളെ മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിനന്ദിച്ചു.