പട്‌ന: വാഹന അപകടത്തില്‍ ഗുരുതര പരിക്കേറ്റ പതിമൂന്ന് വയസ്സുകാരനെ രക്ഷിക്കാന്‍ ശ്രമിക്കാതെ റോഡില്‍ വീണ മീന്‍ വാരിയെടുക്കാന്‍ മത്സരിക്കുന്ന നാട്ടുകാരുടെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ സീതാമഢി ജില്ലയിലാണ് അത്യധികം വേദനാജനകമായ സംഭവം നടന്നത്. പതിമൂന്ന് വയസ്സുകാരന്‍ അപകടത്തില്‍ മരിച്ചുകിടക്കുമ്പോഴാണ് ആളുകള്‍ മനുഷ്യത്വരഹിതമായി പ്രവര്‍ത്തിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ റിതേഷ് കുമാര്‍ രാവിലെ ട്യൂഷന് പോകുമ്പോളാണ് അമിതവേഗതയിലെത്തിയ പിക്കപ്പ് ട്രക്ക് ഇടിച്ചത്. സന്തോഷ് റിതേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂട്ടിയിടി എത്രത്തോളം ശക്തമായിരുന്നു എന്നതിന്റെ തെളിവായിരുന്നു സമീപത്തുണ്ടായിരുന്നവരുടെ നിലവിളികള്‍. വിവരമറിഞ്ഞ് റിതോഷിന്റെ കുടുംബം അവിടെയെത്തി.

റിതേഷിന്റെ മാതാപിതാക്കള്‍ക്ക് ഈ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല. കുടുംബം ദുഃഖത്തിലാണ്ടെങ്കിലും, റോഡിന്റെ മറുവശത്തെ കാഴ്ച വ്യത്യസ്തമായിരുന്നു. മത്സ്യം കയറ്റിവന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് റോഡില്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു അവ.

സഹായം നല്‍കുന്നതിനോ ആംബുലന്‍സിനെ വിളിക്കുന്നതിനോ പോലീസുമായി ബന്ധപ്പെടുന്നതിനോ പകരം സ്ഥലത്തെത്തിയ പലരും മീന്‍ വാരിയെടുക്കാന്‍ തുടങ്ങി. കുട്ടിയുടെ മൃതദേഹം സമീപത്ത് കിടക്കുമ്പോള്‍, ആളുകള്‍ ചാക്കുകളില്‍ വരെ മീന്‍ നിറച്ച് ഓടിപ്പോയി.

അപകടവിവരം അറിഞ്ഞയുടന്‍ പുപ്രീ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. റിതേഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. അപകടത്തില്‍പ്പെട്ട പിക്കപ്പ് ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.