ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മഹായുതി വന്‍വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തുടര്‍തോല്‍വികളെ പരോക്ഷമായി പരിഹസിച്ച് കൊണ്ടാണിത്. 'മമ്മീ മേം ഫിര്‍സേ ഇലക്ഷന്‍ ഹാര്‍ ഗയാ' (മമ്മീ, ഞാന്‍ വീണ്ടും തിരഞ്ഞെടുപ്പ് തോറ്റു) എന്ന കുറിപ്പോടെ രാഹുല്‍ ഗാന്ധിയുടെ മുഖമുള്ള ഒരു എഡിറ്റഡ് വീഡിയോയാണ് ബിജെപി സാമൂഹികമാധ്യമമായ എക്സിലെ ഔദ്യോഗിക അക്കൌണ്ടിലൂടെ പങ്കുവെച്ചു.

ബോളിവുഡ് നടന്‍ വരുണ്‍ ധവാന്റെ ഏറെ വൈറലായൊരു സിനിമാദൃശ്യത്തിലാണ് രാഹുലിന്റെ തലചേര്‍ത്ത് ബിജെപി ഈ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ പാരമ്പര്യം, അഭിമാനം, അച്ചടക്കം എന്നിങ്ങനെയാണുള്ളത്.

മഹാരാഷ്ട്രയിലെ 29 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി വലിയ വിജയമാണ് നേടിയിരിക്കുന്നത്. 24 ഇടത്തും മഹായുതി സഖ്യം വിജയം കൈവരിക്കുകയോ ലീഡ് ചെയ്യുകയോ ആണ്. അതേസമയം, വിവിധ മുന്‍സിപ്പാലിറ്റികളിലെ 312 വാര്‍ഡുകളില്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുള്ളത്. ബിജെപി 1421 വാര്‍ഡുകളിലും ഏക്നാഥ് ഷിന്ദേയുടെ ശിവസേന 362 വാര്‍ഡുകളിലും വിജയിച്ചു.