ന്യൂഡല്‍ഹി: ബസ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ഒരു വര്‍ഷത്തോളം പഠനം മുടങ്ങിയ വദ്യാര്‍ത്ഥിക്ക് 1.62 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി മോട്ടര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ വിധിച്ചു. 2024 ജൂലൈയിലാണ് ആര്യന്‍ റാണ എന്നയാള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിന്നില്‍നിന്നെത്തിയ ബസ് ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 21കാരനു 53 ശതമാനത്തോളം ശാരീരിക വൈകല്യമുണ്ടായി. ഏറെനാള്‍ ആശുപത്രിയിലും കഴിയേണ്ടിവന്നു.

വിദ്യാര്‍ഥിയായിരുന്ന ആര്യന്‍ റാണയ്ക്ക് ഒരു വര്‍ഷത്തോളം വിദ്യാഭ്യാസം തുടരാനാവാതെ വീട്ടില്‍ കഴിയേണ്ടി വന്നു. അപകടസമയത്ത് വാഹനം ഇന്‍ഷുറന്‍സ് ചെയ്തിരുന്നതിനാല്‍ മുഴുവന്‍ നഷ്ടപരിഹാര തുകയും കമ്പനിയോടു നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ബസ് സ്‌കൂട്ടറിനെ മറികടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നു ട്രൈബ്യൂണല്‍ കണ്ടെത്തി.