ഹരിയാന: മദ്യലഹരിയില്‍ സ്വിഗ്ഗി ഡെലിവറി ഏജന്റിന്റെ ദേഹത്തേക്ക് വാഹനമോടിച്ച് കയറ്റി ഡോക്ടര്‍. ഗുരുഗ്രാമിലെ ഹയാത്പുര്‍ സെക്ടര്‍ 93 ലാണ് സംഭവം. പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ദൗലത്താബാദിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആയുര്‍വേദ ഡോക്ടറായ നവീന്‍ യാദവാണ് അതിക്രമം നടത്തിയത്.

സംഭവം നടന്ന തെരുവില്‍ ഒരു സ്വിഗ്ഗി വെയര്‍ഹൗസ് പ്രവര്‍ത്തിക്കുന്നതിനാല്‍ ആ സ്ഥലത്ത് ഡെലിവറി ഏജന്റുമാരുടെ നിരന്തര സാന്നിധ്യമുണ്ടായിരുന്നു. ഇതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മദ്യലഹരിയിലായിരുന്ന ഡോക്ടര്‍ സ്വിഗ്ഗി ഡെലിവറി ഏജന്റായ ടിങ്കു പന്‍വാറിന്റെ ദേഹത്തേക്ക് സ്‌കോര്‍പിയോ ഓടിച്ചുകയറ്റുകയായിരുന്നു. ടിങ്കു പന്‍വാറിനെ ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡോക്ടര്‍ കാര്‍ വലത്തോട്ട് തിരിക്കുന്നതും മരത്തിന്റെ ചുവട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഇടിക്കുകയും സ്വിഗ്ഗി ഡെലിവറി ഏജന്റിന് പരിക്കേല്‍ക്കുകയും ചെയ്യുന്നത് സമീപ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം കണ്ട മറ്റു ഡെലിവറി ഏജന്റുമാര്‍ പ്രതികരിച്ചപ്പോള്‍ ഡോക്ടര്‍ പ്രകോപിതനാവുകയും റോഡരികില്‍ നിന്നിരുന്ന ഏജന്റുമാരെ ഓടിക്കാന്‍ ശ്രമിക്കുന്നതും ബൈക്കുകള്‍ തകര്‍ക്കുന്നതും സിഡിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.