- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിലെ കത്വയില്‍ സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍; ജെയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് അംഗമായ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ കത്വ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. സുരക്ഷാ സേനയെ കണ്ട ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
''കത്വ ജില്ലയിലെ ബില്ലാവര്‍ പ്രദേശത്ത് സൈന്യവും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഒരു പാകിസ്താന്‍ ജെയ്ഷ് ഭീകരനെ വധിച്ചു,'' ജമ്മു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ബിഎസ് ടുട്ടി പ്രസ്താവനയില്‍ അറിയിച്ചു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. കൂടുതല്‍ സൈനികരെ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ജമ്മു മേഖലയില്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ സേന ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ജനുവരി 7 ന് ബില്ലാവറിനടുത്തുള്ള കമദ് നുള്ളയില്‍ സുരക്ഷാ സേനയും പൊലീസും ഭീകരരുമായി ഏറ്റുമുട്ടിയിരുന്നു. ചെറിയതോതിലുള്ള വെടിവയ്പ്പിനുശേഷം ഭീകരര്‍ ഇടതൂര്‍ന്ന വനങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു.
സുരക്ഷാ സേനയും പൊലീസും സ്‌നിഫര്‍ നായ്ക്കളുടെയും ഡ്രോണുകളുടെയും സഹായത്തോടെ പ്രദേശത്ത് നടത്തിവരുന്ന പരിശോധനയില്‍ കുറഞ്ഞത് മുന്ന് ഭീകര ഒളിത്താവളങ്ങള്‍ നശിപ്പിച്ചതായാണ് വിവരം. അതേസമയം, ഞായറാഴ്ച രാത്രി കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ എട്ട് സൈനികരില്‍ ഒരാളായ ഹവില്‍ദാര്‍ മരണപ്പെട്ടിരുന്നു.


