റായ്പുര്‍: അമ്മയുടെ കയ്യില്‍ നിന്നും കുരങ്ങന്‍ തട്ടിപ്പറിച്ചെടുത്തു കിണറ്റിലിട്ട നവജാതശിശുവിന് അദ്ഭുതരക്ഷ. ഛത്തീസ്ഗഡിലെ ജന്‍ച്ഗിര്‍ ചാമ്പ ജില്ലയിലെ സേവനി ഗ്രാമത്തിലാണു സംഭവം. 20 ദിവസം പ്രായമുള്ള കുട്ടിയെയാണ് കുരങ്ങന്‍ തട്ടിയെടുത്തത്. കുട്ടിയുമായി ബുധനാഴ്ച വീടിനു പുറത്തിറങ്ങിയതായിരുന്നു സുനിത റാത്തോര്‍. ഈ സമയം ഒരു കൂട്ടം കുരങ്ങന്മാര്‍ അടുത്തുള്ള കെട്ടിടത്തിന്റെ മുകളിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അതിലൊന്നു ചാടി കുട്ടിയെ കൈക്കലാക്കി ടെറസിലേക്ക് പായുകയായിരുന്നു.

ഭയനവ്‌നു പോയ കുട്ടിയുടെ അമ്മ നിലവിളിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ രക്ഷിക്കാനായി പടക്കം പൊട്ടിക്കുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ശബ്ദം കേട്ട് പേടിച്ച കുരങ്ങന്‍ കുഞ്ഞിനെ വീടിനോടു ചേര്‍ന്നുള്ള കിണറ്റിലേക്ക് ഇടുകയായിരുന്നു. നാട്ടുകാര്‍ ബക്കറ്റിട്ട് കുട്ടിയെ മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തെടുത്തു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന സര്‍ഗവന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് കുട്ടിക്ക് സിപിആര്‍ നല്‍കിയത് രക്ഷയായി. കുട്ടിയുടെ വായില്‍നിന്ന് വെള്ളം പുറത്തെടുത്ത് ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നാലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്കു മാറ്റുകയും ചെയ്തു.