ബെംഗളൂരു: കേന്ദ്രസര്‍ക്കാരിനെതിരെ ചൊവ്വാഴ്ച ബെംഗളൂരു നഗരത്തില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയില്‍ നാടകീയ സംഭവങ്ങള്‍. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പൊട്ടിത്തെറിച്ചു. റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി സിദ്ധരാമയ്യയെ വിളിച്ചപ്പോളാണ് ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.കെയ്ക്ക് ജയ് വിളിച്ചത്. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) റദ്ദാക്കി വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (VB-G RAM G) എന്ന പുതിയ ഗ്രാമീണ തൊഴില്‍ പദ്ധതി കൊണ്ടുവരുന്നതിനെ എതിര്‍ത്തുകൊണ്ടാണ് പ്രതിഷേധറാലി നടന്നത്. മുഖ്യമന്ത്രിക്കൊപ്പം ഡി.കെ. ശിവകുമാറും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലവും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും എംപിമാരും എംഎല്‍എമാരും റാലിയില്‍ പങ്കെടുത്തിരുന്നു.

പ്രസംഗിക്കാനായി സിദ്ധരാമയ്യയുടെ പേര് വിളിച്ചതുമുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'ഡി.കെ., ഡി.കെ.' എന്ന് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അദ്ദേഹം കസേരയില്‍നിന്ന് എഴുന്നേറ്റ് മൈക്കിനടുത്തേക്ക് നടക്കുമ്പോഴും ഇത് തുടര്‍ന്നു. മുഖ്യമന്ത്രി മൈക്കിനടുത്ത് എത്തിയതോടെ മുദ്രാവാക്യം വിളികള്‍ കൂടുതല്‍ ഉച്ചത്തിലായി. ഇതോടെയാണ് അദ്ദേഹം പ്രകോപിതനായത്.

പ്രവര്‍ത്തകരോട് നിശബ്ദരാകാനും ശാന്തരായി ഇരിക്കാനും പറഞ്ഞെങ്കിലും അവരത് ചെവികൊണ്ടില്ല. ഇതോടെ വേദിയിലുള്ളവരോടും സദസ്സിലുള്ളവരോടുമായി 'ഡി.കെ., ഡി.കെ.' എന്ന് വിളിക്കുന്നവര്‍ ആരാണ്?' എന്ന് അദ്ദേഹം ദേഷ്യത്തോടെ ചോദിച്ചു. പിന്നാലെ അവതാരകനും ഇതേ ആവശ്യം ജനങ്ങളോട് ഉന്നയിച്ചു. 'യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിശബ്ദരായിരിക്കണം. മുഖ്യമന്ത്രി പ്രസംഗിക്കുകയാണ്. നിങ്ങള്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയാം. മുഖ്യമന്ത്രി പറയുന്നത് നിശബ്ദരായി കേള്‍ക്കുക.' അവതാരകന്‍ ജനങ്ങളോട് പറഞ്ഞു.

എന്നാല്‍, സിദ്ധരാമയ്യ പ്രസംഗം ആരംഭിച്ചതിന് ശേഷവും പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാര തര്‍ക്കം കര്‍ണാടകയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പുത്തരിയല്ല.

അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുമെന്ന് തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഉന്നത നേതൃത്വം തനിക്കൊപ്പമാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. എങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് വഴങ്ങുമെന്ന് സിദ്ധരാമയ്യയും ശിവകുമാറും വ്യക്തമാക്കിയിട്ടുണ്ട്.