വഡോദര: നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ അറസ്റ്റില്‍. വഡോദരയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ജേക്കബ് മാര്‍ട്ടിന്‍ മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പുനിത് നഗര്‍ സൊസൈറ്റിക്ക് സമീപം പുലര്‍ച്ചെ 2:30 നാണ് അപകടം നടന്നത്. ജേക്കബ് മാര്‍ട്ടിന്‍ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. യാത്രക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പോലീസ് വ്യക്തമാക്കി.

ഇയാള്‍ ഇടിച്ചുകയറ്റിയ കാറിന്റെ ഉടമകളുടെ പരാതിയിലാണ് പോലീസ് കേസെടുക്കുന്നത്. അറസ്റ്റ് ചെയ്ത മുന്‍ ബറോഡ നായകനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജേക്കബ് മാര്‍ട്ടിന്‍ ഇതിന് മുന്‍പും കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇന്ത്യക്കായി 10 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള താരം 1999 ലാണ് അരങ്ങേറുന്നത്. രഞ്ജി ട്രോഫിയില്‍ ദീര്‍ഘകാലം ബറോഡയെ നയിച്ചിട്ടുണ്ട്.