ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റം വേഗത്തിലാക്കി 2026ലെ കേന്ദ്ര ബജറ്റ്. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന പദ്ധതി വന്‍ വിജയമായതിന് പിന്നാലെ, സി.എന്‍.ജി (CNG) ഇന്ധനത്തിലും ഘട്ടംഘട്ടമായി ബയോഗ്യാസ് (CBG) കലര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. വാഹന വിപണിയെയും ഊര്‍ജ്ജ മേഖലയെയും ഒരുപോലെ സ്വാധീനിക്കുന്ന നിര്‍ണ്ണായക പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്. സി.എന്‍.ജിയില്‍ കലര്‍ത്തുന്ന ബയോഗ്യാസിന്റെ മൂല്യത്തിന് എക്‌സൈസ് ഡ്യൂട്ടി ഈടാക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് ക്ലീന്‍ ഫ്യുവല്‍ ഉപയോഗിക്കുന്നവര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

സി.എന്‍.ജി - ബയോഗ്യാസ് മിശ്രിതം (CBG Blending)

പെട്രോളില്‍ 20% എഥനോള്‍ കലര്‍ത്തുന്ന (E20) പദ്ധതിക്ക് ശേഷം ഇന്ത്യ നടപ്പിലാക്കുന്ന രണ്ടാമത്തെ വലിയ ഇന്ധന പരിഷ്‌കാരമാണിത്. ഗതാഗതത്തിനുള്ള സി.എന്‍.ജിയിലും വീടുകളിലെ ആവശ്യത്തിനുള്ള പി.എന്‍.ജി (PNG) ഇന്ധനത്തിലും ഘട്ടംഘട്ടമായി ബയോഗ്യാസ് കലര്‍ത്തും. ഇത് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഗ്യാസ് ഇറക്കുമതി കുറയ്ക്കാനും സഹായിക്കും. കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്നത് വഴി കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കാനും ഇത് വഴിയൊരുക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്

ഇലക്ട്രിക് വാഹന (EV) വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിര്‍മ്മാണ മേഖലയ്ക്കും ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചറിനും കൂടുതല്‍ പിന്തുണ ബജറ്റ് വാഗ്ദാനം ചെയ്യുന്നു. പൊതുഗതാഗതത്തിനായി കൂടുതല്‍ ഇ-ബസുകള്‍ നിരത്തിലിറക്കും. ഇതിനായി കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുഗതാഗത സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയ പേയ്മെന്റ് സംവിധാനങ്ങള്‍ കൊണ്ടുവരും.

കുറഞ്ഞ നിരക്കില്‍ ബാറ്ററികള്‍

ബാറ്ററി നിര്‍മ്മാണത്തിനുള്ള ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ഇ-വാഹന ബാറ്ററി നിര്‍മാണത്തിന് ആവശ്യമായ 35 അധിക യന്ത്രോപകരണങ്ങളെ ഇറക്കുമതി തീരുവയില്‍ (Customs Duty) നിന്ന് ഒഴിവാക്കി. മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മാണത്തിനുള്ള 28 ഉപകരണങ്ങള്‍ക്കും ഈ ഇളവ് ബാധകമാണ്. ബാറ്ററി നിര്‍മാണത്തിന് ഉപയോഗിക്കുന്ന കൊബാള്‍ട്ട്, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, ലെഡ്, സിങ്ക് തുടങ്ങിയ 16 പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണ്ണമായും ഒഴിവാക്കി.