ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാം ബഡ്ജറ്റിനെക്കുറിച്ച് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാന്‍ പാര്‍ലമെന്റ് വേദിയായി ഉപയോഗിക്കുമെന്നും രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് കാത്തുനിന്ന മാദ്ധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം രാഹുല്‍ പറഞ്ഞത്.'പാര്‍ലമെന്റ് നല്‍കുന്ന വേദി ഉപയോഗിച്ച് നാളെ സംസാരിക്കും'- രാഹുല്‍ പറഞ്ഞു. രാഹുലിനൊപ്പം സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.

ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യ സാമ്പത്തിക വളര്‍ച്ച നേടിയെന്നും സ്ഥിരത കൈവരിച്ചെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്ത് ദാരിദ്ര നിര്‍മ്മാര്‍ജ്ജനം നടത്തിയെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ബഡ്ജറ്റില്‍ എയിംസ് അടക്കം പ്രതീക്ഷിച്ച കേരളത്തിന് ഒന്നും ലഭിച്ചില്ല. ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ല. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ഉള്‍പ്പെടുത്തിയെങ്കിലും കേരളത്തിലെ നഗരങ്ങളെ ഒഴിവാക്കി.