ലക്‌നൗ: യു.പിയില്‍ 68,236 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്ന 68,236 ജീവനക്കാരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞുവച്ചത്. ജനുവരി 31 നകം എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും അവരുടെ സ്വത്ത് വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്ത ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ വലഞ്ഞത്. ശമ്പളം ലഭിക്കാതെ വന്നതോടെ യുപിയിലെ പതിനായിരക്കണക്കിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരാശയിലും ഭയത്തിലുമാണ്.

അഴിമതി തടയുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ജീവനക്കാരോടു അവരുടെ സ്വത്ത് വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 68,236 ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചിരുന്നില്ല. പൂര്‍ണമായ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതു വരെ ഇനി ശമ്പളം നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ശമ്പളം തടഞ്ഞതിനു പുറമേ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകുമോ എന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ക്കുണ്ട്. യുപിയില്‍ ആകെ 8,66,261 സര്‍ക്കാര്‍ ജീവനക്കാരാണുള്ളത്.