- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോയിങ് 787 വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കണം; മുന്നറിയിപ്പുമായി പൈലറ്റുമാരുടെ സംഘടന

ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി രാജ്യത്തെ ബോയിങ് 787 വിമാനങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ് ആവശ്യപ്പെട്ടു. വിമാനങ്ങളിലെ വൈദ്യുത സംവിധാനത്തിലുണ്ടായേക്കാവുന്ന ഗുരുതരമായ തകരാറുകള്‍ ചൂണ്ടിക്കാട്ടിയാണ് പൈലറ്റുമാരുടെ സംഘടന കര്‍ശന നിലപാടുമായി രംഗത്തെത്തിയത്. യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും വിഷയത്തില്‍ ഡി.ജി.സി.എ. അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
വിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ബേയിലേക്ക് വെള്ളം ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും ഇത് സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ക്യാപ്റ്റന്‍ സി.എസ്. രണ്‍ധാവ വ്യക്തമാക്കി. കൂടാതെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചിലെ തകരാറുകള്‍ വിമാനത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന ഒന്നാണ്. കഴിഞ്ഞദിവസം ലണ്ടന്‍-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനത്തില്‍ സമാനമായ രീതിയില്‍ ഇന്ധന സ്വിച്ചില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന് കാരണമായത് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചിലെ തകരാറാണെന്ന റിപ്പോര്‍ട്ടുകളും സംഘടന ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തില്‍ സമഗ്രമായ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാതെ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കരുതെന്നാണ് പൈലറ്റുമാരുടെ ആവശ്യം. പരാതികളുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനങ്ങളില്‍ അടിയന്തര പരിശോധന നടത്താന്‍ ഡി.ജി.സി.എ. നിര്‍ദേശം നല്‍കിയിട്ടുണ്ട്.


