റിയാദ്: സൗദി- തുര്‍ക്കി - പാകിസ്ഥാന്‍ സൈനിക സഖ്യ സാധ്യത സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ സൗദിയിലെത്തി. മേഖലയിലെ തന്ത്രപ്രധാന കൂടിക്കാഴ്ച്ചകളുടെ സാധ്യതകള്‍ നിലനില്‍ക്കെയാണ് സന്ദര്‍ശനം. റിയാദില്‍ ഇന്ത്യന്‍ അംബാസഡര്‍ സുഹൈല്‍ അജാസ് ഖാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. നിര്‍ണായക കൂടിക്കാഴ്ച്ചകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുമെന്നാണ് സൂചന.

നേരത്തെ പാകിസ്ഥാനുമായി സൗദി ഒപ്പിട്ട പ്രതിരോധ സഹകരണ കരാറുകളും ഇതിന്മേല്‍ ഇന്ത്യയുടെ നിലപാടും വലിയ ചര്‍ച്ചയായിരുന്നു. സൗദിയ്‌ക്കോ പാകിസ്ഥാനോ മേല്‍ ഏതെങ്കിലും തരം ആക്രമണം ഉണ്ടായാല്‍ അത് ഇരു രാജ്യങ്ങള്‍ക്കും മേല്‍ ഒരുപോലെയുള്ള ആക്രമണമായി കണക്കാക്കി നേരിടുന്നത് ഉള്‍പ്പടെയുള്ള കരാറുകളായിരുന്നു ഇവ. ഇപ്പോള്‍ അഭ്യൂഹമായി നിലനില്‍ക്കുന്ന സൗദി- തുര്‍ക്കി - പാകിസ്ഥാന്‍ സൈനിക സഖ്യ സാധ്യതകളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സന്ദര്‍ശനം അതിപ്രധാനമാണ്.