മംഗളൂരു: ബെളഗാവി ജില്ലയിലെ ബൊഡകെനാട്ടി ഗ്രാമത്തില്‍ സിഗരറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയെ തല്ലിക്കൊന്നു. ബോഡകേനാട്ടി സ്വദേശി യല്ലപ്പ ദുര്‍ഗപ്പ നായികാണ് (48) മരിച്ചത്. സംഭവത്തില്‍ കഡോളി ഗ്രാമവാസികളായ പ്രജ്വല്‍ രാമചന്ദ്ര പാട്ടീല്‍ (22), നിഖില്‍ മഹേഷ് ചൗഗലെ (22), വിവേക് ??രാജേന്ദ്ര ചൗഗലെ (22), ശ്രീധര്‍ രത്തന്‍ പാട്ടീല്‍ (21) എന്നിവരെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഹുക്കേരി താലൂക്കിലെ മോഹനഗാഡില്‍ മേളയില്‍ പങ്കെടുത്ത നാല് പ്രതികളും മദ്യപിച്ച് മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്നു. അര്‍ധരാത്രിയോടെ സിഗരറ്റ് വലിക്കാന്‍ അവര്‍ ബോഡകെനാട്ടി ഗ്രാമത്തില്‍ വണ്ടി നിര്‍ത്തി.

കട അടച്ചുകൊണ്ടിരുന്നപ്പോള്‍ തടഞ്ഞുനിര്‍ത്തി സിഗരറ്റ് എടുത്ത് പുകവലിക്കാന്‍ തുടങ്ങി. നായിക് അവരോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തര്‍ക്കിച്ച യുവാക്കള്‍ ആക്രമിച്ചു.

ആക്രമണത്തില്‍ നായിക്കിന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാര്‍ അദ്ദേഹത്തെ ബെളഗാവിയിലെ കെ.എല്‍.ഇ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നാല് പ്രതികളെയും കകാട്ടി പൊലീസ് പിടികൂടുകയായിരുന്നു.