ന്യൂഡല്‍ഹി: പതിനാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അന്നനാളത്തില്‍ നിന്നും രണ്ട് നീളമുള്ള മെറ്റല്‍ സ്പ്രിങ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് എയിംസിലെ ഡോക്ടര്‍മാര്‍. ആഴ്ചകളോളം നീണ്ട് നിന്ന ചര്‍ദിയോടൊപ്പം ഭക്ഷണം കഴിക്കാതെ വന്നപ്പോഴാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ എക്‌സ് റേ പരിശോധനയിലാണ് കുഞ്ഞിന്റെ അന്നനാളത്തിന്റെ മുകള്‍ ഭാഗത്തായി മെറ്റല്‍ സ്പ്രിങ് കണ്ടെത്തിയത്. കുഞ്ഞിന്റെ അന്നനാളത്തില്‍ കുടുങ്ങിയ സ്പ്രിങ് എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.

അന്നനാളത്തില്‍ കുടുങ്ങിയ സ്പ്രിങ്ങിന് സാധാരണ പേനകളില്‍ കാണുന്ന സ്പ്രിങ്ങിനെ അപേക്ഷിച്ച് ഭാരം കൂടുതലായിരുന്നു എന്ന് പീഡിയാട്രിക് സര്‍ജന്‍ പറഞ്ഞു. 'സ്പ്രിങ്ങിന് ഏകദേശം അര ഇഞ്ച് വീതിയും കുറഞ്ഞത് 2 ഇഞ്ച് വരെ നീളവുമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശ്രമിച്ചിരുന്നു. എന്നാല്‍ അന്നനാളത്തിലെ വീക്കവും മുറിവും കാരണം കുട്ടിയെ ഉടന്‍ എയിംസിലേക്ക് കൊണ്ടു പോവാന്‍ നിര്‍ദേശിക്കുകയായിരുന്നു' ? പീഡിയാട്രിക് സര്‍ജന്‍ ഡോ. വിശേഷ് ജെയിന്‍ പറഞ്ഞു.

എയിംസിലേക്ക് കൊണ്ട് പോയ ശേഷം നൂതന സാ?ങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ?സ്പ്രിങ് നീക്കം ചെയ്തത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതോടെ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞ് ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കുട്ടികളുടെ കൈയെത്തുന്ന ദൂരത്ത് സ്പ്രിങ്ങുകള്‍, നാണയം, ബാറ്ററി, ചെറിയ കളിപ്പിട്ടകള്‍ എന്നിവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇനി അഥവാ കുട്ടികള്‍ എന്തെങ്കിലും വിഴുങ്ങുന്നത് കണ്ടാല്‍ എത്രയും പെട്ടന്ന് ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.