മംഗളൂരു: ശിവമോഗ്ഗ ജില്ലയിലെ ശിക്കാരിപുരയില്‍ അനധികൃത തോക്ക് നിര്‍മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴ് ഒറ്റക്കുഴല്‍ തോക്കുകള്‍ കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിക്കാരിപുര പട്ടണയിലെ ഭദ്രപൂര്‍ ഗ്രാമത്തിലെ മൂന്നാം ക്രോസ് നിവാസിയും മരപ്പണിക്കാരനുമായ കെ. ലക്ഷ്മണപ്പയാണ് (43) അറസ്റ്റിലായത്.

ലക്ഷ്മണപ്പ തന്റെ വീടിനോട് ചേര്‍ന്ന പഴയ കെട്ടിടത്തില്‍ അനധികൃതമായി തോക്കുകള്‍ നിര്‍മ്മിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് പൊലീസ് റെയ്ഡിനെത്തിയത്. ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

ലക്ഷ്മണപ്പയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശിക്കാരിപുര ഡിവൈ.എസ്.പി കെ.ഇ. കേശവിന്റെ നേതൃത്വത്തില്‍ ശിക്കാരിപുര സിറ്റി സര്‍ക്കിള്‍ സന്തോഷ് എം. പാട്ടീല്‍, എസ്.ഐ എച്ച്. ശരത്, സ്റ്റാഫ് അംഗങ്ങളായ കൊത്രേശപ്പ, പ്രദീപ് കെ., നാഗരാജ്, രവി നായക, രവികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.