കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നയിക്കുന്ന ഇടതുമുന്നണിയുമായോ തൃണമൂല്‍ കോണ്‍ഗ്രസുമായോ സഖ്യമില്ലാതെ ആകെയുള്ള 294 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിറാണ് ഈ തീരുമാനം അറിയിച്ചത്.

ബംഗാള്‍ പിസിസി അധ്യക്ഷന്‍ സുവങ്കര്‍ സര്‍ക്കാര്‍, മുന്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി, എംപി ഇഷാ ഖാന്‍ ചൗധരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചകളില്‍ ഭാഗമായി. 'ബംഗാളിലെ മുന്‍കാല സഖ്യങ്ങളും സീറ്റ് വിഭജനങ്ങളും താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ വലിയ രീതിയില്‍ ദുര്‍ബലപ്പെടുത്തി. അതിനാല്‍ എല്ലാ നേതാക്കളുമായും ചര്‍ച്ച ചെയ്ത ശേഷം 294 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഇതിനനുസരിച്ചുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കും,' ഗുലാം അഹമ്മദ് മിര്‍ പറഞ്ഞു.