ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ഹോംവര്‍ക്ക് ചെയ്യാതിരുന്നതിന് പത്തുവയസ്സുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥി മുടന്തി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ പരിശോധിച്ചപ്പോഴാണ് ശരീരമാസകലം തല്ലേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ഥിയെ ഇംഗ്ലീഷ് അധ്യാപകനായ പ്രഖര്‍ സിങ് 150 തവണ ചൂരല്‍ കൊണ്ട് അടിച്ചതായാണ് പരാതി. കുട്ടിയുടെ കാലുകളില്‍ മര്‍ദനമേറ്റ ആഴത്തിലുള്ള പാടുകളും വീക്കവുമുണ്ട്.

കര്‍ണൈല്‍ഗഞ്ച് ഏരിയയിലെ എം.ആര്‍.ജി സ്‌കൂളിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മര്‍ദനത്തിന് ശേഷം വിവരം പുറത്തുപറയരുതെന്ന് അധ്യാപകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പിതാവ് ആരോപിച്ചു. വിവരം രഹസ്യമാക്കി വെക്കാന്‍ കുട്ടിക്ക് ബിസ്‌കറ്റ് നല്‍കി പ്രലോഭിപ്പിക്കുകയും, ആരോടെങ്കിലും പറഞ്ഞാല്‍ വീണ്ടും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവം വിവാദമായതോടെ സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപകനെതിരെ നടപടിയെടുത്തിട്ടുണ്ട്. പ്രഖര്‍ സിങിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. കുട്ടിയുടെ സുരക്ഷയ്ക്കും അച്ചടക്കത്തിനും മുന്‍ഗണന നല്‍കുന്നതായും ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ്, ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്) 115(2), 351(3), 352 എന്നീ വകുപ്പുകള്‍ പ്രകാരം അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അഭിഷേക് ദബാച്ച സ്ഥിരീകരിച്ചു. പൊലീസ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.