- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃത്തിഹീനമായ ടോയ്ലറ്റിനെക്കുറിച്ച് പരാതി പറഞ്ഞു; യാത്രികനെ ട്രെയിനില്‍ നിന്നും ഇറക്കിവിട്ടു

ന്യൂഡല്‍ഹി: വൃത്തിഹീനമായ ടോയ്ലറ്റിനെക്കുറിച്ച് പരാതി പറഞ്ഞ യാത്രികനെ ട്രെയിനില്‍ നിന്നും ഇറക്കി വിട്ടു. എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസില്‍ യാത്ര ചെയ്ത യാത്രികനെയാണ് ടിക്കറ്റ് പരിശോധകന്‍ (ടി.ടി.ഇ) ഇറക്കിവിട്ടത്. ഗുജറാത്തിലെ വഡോദരയില്‍ നിന്നും ഡല്‍ഹി നിസാമുദ്ദീനിലേക്ക് സെക്കന്‍ഡ് എ.സി കോച്ചില്‍ യാത്ര ചെയ്തിരുന്ന മംഗേഷ് തിവാരി യെയാണ് വ്യാഴാഴ്ച രാജസഥാനിലെ രത്‌ലം സ്റ്റേഷനില്‍ ഇറക്കിവിട്ടത്.
മുകേഷ് കുമാര്‍ എന്ന ടി.ടി.ഇയുടെ നടപടി മംഗേഷ് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. ടോയ്‌ലറ്റ് വൃത്തിഹീനമാണെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് കോട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ടി.ടി.ഇ ശുചീകരണ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍, വൃത്തിയാക്കാന്‍ ആരും വരാത്തതിനെ തുടര്‍ന്ന് മംഗേഷ് തിവാരി ടി.ടി.ഇയോട് വീണ്ടും പരാതി പറഞ്ഞത് ഇഷ്ടമാകാതെ വന്നതാണ് സംഭവങ്ങള്‍ക്ക് തുടക്കം. മറ്റു ജീവനക്കാര്‍ കൂടി വിഷയത്തില്‍ ഇടപെട്ടതോടെയാണ് സ്ഥിതി വഷളായതെന്ന് സഹയാത്രക്കാര്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ട് ഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് അയക്കുകയും ടി.ടി.ഇക്കെതിരെ നടപടിയുണ്ടാകുമെന്നും കോട്ട റെയില്‍വേ ഡിവിഷന്റെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ സൗരഭ് ജെയിന്‍ പറഞ്ഞു.റെയില്‍വേയുടെ പരാതി പരിഹാര സംവിധാനത്തിനായി നല്‍കിയിട്ടുള്ള നമ്പറില്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടും തന്നോട് മോശം പെരുമാറ്റം ഉണ്ടായിട്ടും റെയില്‍വേ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നും മംഗേഷ് തിവാരി കുറ്റപ്പെടുത്തി.


